കോഴിക്കോട്: വടകരയിൽ എലിവിഷം ചേർന്ന ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരേ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിൻറെ പരാതിയിൽ സുഹൃത്ത് വൈക്കിലശേരി സ്വദേശി മഹേഷിനെതിരേയാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ജനുവരി ആറിന് ഇരുവരും മദ‍്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫ് നീധിഷ് കഴിക്കുകയും ചെയ്തു. ബീഫിൽ എലിവിഷം ചേർത്ത കാര‍്യം മഹേഷിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തമാശയാണെന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നുവെന്നാണ് മഹേഷ് പൊലീസിന് നൽകിയ മൊഴി.
ബീഫ് കഴിച്ചതിന് പിന്നാലെ ആരോഗ‍്യാവസ്ഥ മോശമായതിനെ തുടർന്ന് നിധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിധീഷ് നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.