ഇടുക്കി: കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കമ്പം മെട്ട് സിഐ ഷമീഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ ഖാൻ ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ മർദിച്ചത്. മർദ്ദനത്തെ തുടർന്ന് മുരളീധരൻറെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മുരളീധരൻ പരാതി നൽകി. കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐ ക്ക് അനുകൂലമായ നിലപാടായിരുന്നു.
ഇതിനു ശേഷം കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ വച്ച് തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായി സംഘർഷമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഷമീർഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്. പുതുവത്സര ദിനത്തിൽ കൂട്ടാറിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്ന മുരളീധരനെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കേസിൽ വഴി തിരിവായത്.