Timely news thodupuzha

logo

പാതിവില തട്ടിപ്പ് കേസിൽ മഹിളാ കോൺഗ്രസ് സെക്രട്ടറി ഷീബ സുരേഷിനെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി: പാതിവില സ്കൂട്ടർ തട്ടിപ്പു കേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡൻറും മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിനെ ചോദ്യം ചെയ്ത് ഇഡി. പാതിവില തട്ടിപ്പു കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻറെ പ്രവർത്തനങ്ങളുമായി അടുത്ത് പ്രവർത്തിച്ചിരുന്നതിനാലാണ് ഷീബ സുരേഷിനെ വിശദമായി ചോദ്യം ചെയ്യുന്നതെന്നാണു സൂചന.

അനന്തു കൃഷ്ണൻ തൊടുപുഴ കേന്ദ്രമാക്കി രൂപീകരിച്ച സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് റിസർച്ച് ഡവലപ്മെൻറ് സൊസൈറ്റിയുടെ ചെയർപേഴ്സൻ ഷീബ സുരേഷായിരുന്നു. ഇതിൻറെ കീഴിലാണ് സംസ്ഥാനമൊട്ടാകെ 64 സീഡ് സൊസൈറ്റികൾ അനന്തു കൃഷ്ണനും സംഘവും രൂപീകരിച്ചത്. അതിനാൽ തന്നെ അനന്തു കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

വിദേശത്ത് മകളുടെ അടുത്തായിരുന്ന ഷീബ സുരേഷിനെയും ഭർത്താവിനെയും ഇടുക്കിയിലെ കുമളിയിലെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കൂർ ഇഡി ചോദ്യം ചെയ്യിതത്. ഏതാനും ദിവസം മുൻപ് ഷീബയുടെ വീട് ഇ.ഡി. സീൽചെയ്തിരുന്നു. തട്ടിപ്പുകേസിൽ ഷീബയെ പ്രതി ചേർത്തിട്ടില്ലെങ്കിലും ഒട്ടേറെ പരാതികൾ ഇവർക്കെതിരെ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെയുള്ളവ ഇഡി പരിശോധിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകൾ ഇഡി സംഘത്തിന് ലഭിച്ചു. അനന്ദു കൃഷ്ണനുമായുള്ള ഇടപാട് സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *