ഛത്തീസ്ഗഡ്: ബിലാസ്പൂരിൽ പീഡന ശ്രമം എതിർത്ത അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ 13 കാരൻ അറസ്റ്റിൽ. സർക്കണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു റസിഡൻഷ്യൽ കോളനിയിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് ചൊവ്വാഴ്ച രാവിലെയോടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. കൊല്ലപ്പെട്ട കുഞ്ഞും പ്രതിയും ഒരേ കോളനിയിലെ ലേബർ ക്വാർട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. തുടർന്ന് കോർട്ടേഴ്സിലുള്ളവരെ ചോദ്യം ചെയ്തു. ഇക്കൂട്ടത്തിൽ 13 കാരനേയും ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടിയേയും കൊണ്ട് 13 കാരനും നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് പോകുന്നത് വ്യക്തമായി. ഇവിടെ വച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ പെൺകുട്ടി എതിർത്തതോടെ കല്ലും മരത്തടിയും ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നു. പ്രതി അശ്ലീല ചിത്രങ്ങൾ കാണുന്നതിന് അടിമയാണെന്നെന്നും പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. ഉടൻ തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും എന്ന് പൊലീസ് അറിയിച്ചു.