തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിൻറെ മരണവുമായി ബന്ധപ്പെട്ട വാഹനാപകടക്കേസിലെ പ്രധാന പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷൻ നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കു പരാതി. കെ.എം ബഷീർ നിയമ സഹായ സമിതി കൺവീനറും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ജമാൽ കരുളായിയാണ് ശാരദാ മുരളീധരന് പരാതി നൽകിയത്.
നരഹത്യ, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ വിവിധ വകുപ്പുകളിൽ പ്രതി ചേർക്കപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ നേരിടുന്ന കേരള കേഡർ ഐഎഎസ് ഓഫിസർ ശ്രീറാം വെങ്കിട്ടരാമന് അഖിലേന്ത്യ ജീവനക്കാർക്ക് ബാധകമായ സർവീസ് ചട്ടങ്ങൾ ലംഘിച്ച് ജോയിൻറ് സെക്രട്ടറിയായി പ്രൊമോഷൻ നൽകിയതിനെതിരെയാണ് പരാതി. അഖിലേന്ത്യ സർവീസ് ചട്ടങ്ങൾ ബാധകമായ ജീവനക്കാർക്ക് പ്രൊമോഷൻ നൽകേണ്ട സാഹചര്യം ഉണ്ടാകുകയും എന്നാൽ അവർ ഇത്തരം ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെടുകയും ചെയുന്നപക്ഷം, അവരെ പ്രൊമോഷന് വേണ്ടിയുള്ള അഭിമുഖത്തിൽ പങ്കെടിപ്പിക്കാവുന്നതാണെങ്കിലും പ്രൊമോഷൻ നൽകാൻ പാടില്ലെന്നാണ് വ്യവസ്ഥ.
പകരം, അവരുടെ പെർഫോമൻസ് സംബന്ധിച്ച റിപ്പോർട്ട് ഒരു സീൽഡ് കവറിൽ സൂക്ഷിച്ച് കേസിൽ നിന്ന് അവർ കുറ്റവിമുക്തരായ ശേഷം മാത്രം അത് പരിഗണിച്ചു പ്രൊമോഷന് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ പ്രൊമോഷൻ നൽകുകയുമാണ് ചെയ്യേണ്ടത്.
എന്നാൽ ശ്രീറാമിൻറെ കാര്യത്തിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നും ശ്രീറാം വെങ്കിട്ടരാമന് നൽകിയ പ്രൊമോഷൻ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.