ആലപ്പുഴ: ഭക്ഷണം പാഴ്സൽ ആയി വാങ്ങിയതിൽ ഗ്രേവി കുറഞ്ഞു പോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ചു. താമരക്കുളം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബുഘാരി ഹോട്ടലിൻറെ ഉടമ മുഹമ്മദ് ഉവൈസാണ് ആക്രമിക്കപ്പെട്ടത്.
ഇയാളെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടലിൽ ഉണ്ടായിരുന്ന ഉവൈസിൻറെ സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റെജില എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങിയിരുന്നു.
അൽപ സമയത്തിനകം തിരിച്ചെത്തിയ സംഘം ഗ്രേവി കുറഞ്ഞു പോയെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. കടയുടെ മുൻവത്തെ ചില്ലും അടിച്ചു തകർത്തിട്ടുണ്ട്. പൊലീസ് കേസെടുത്തു. പ്രതികൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.