തൊടുപുഴ: കൊച്ചി – മൂന്നാർ പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പെരിയാറിന് കുറുകെ നേര്യമംഗലത്ത് നിർമ്മാണം നടന്ന് വരുന്ന പാലത്തിന്റെ നിർമ്മാണം ഒക്ടോബർ മാസത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. പഴയ പാലത്തിനു സമീപമായി അതെ ഡിസൈനിലാണ് പുതിയ പാലത്തിന്റെ നിർമ്മാണ ജോലികൾ നടന്നുവരുന്നത്.
240 മീറ്റർ ദൂരം, 11 മീറ്റർ വീതി, 5 സ്പാനുകൾ, 2 അബ്റ്റ്മെന്റുകൾ, പാലത്തിന്റെ ഇരു വശങ്ങളിലും നടപ്പാത എന്നിവയോടു കൂടിയാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്. അടിമാലി പഞ്ചായത്തിൽപ്പെടുന്ന നേര്യമംഗലം വനമേഖലയിൽ ഭൂമി വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട കാലതാമസം പരിഹരിക്കാൻ താമസം നേരിട്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് നിർമ്മാണജോലികൾ ത്വരിതഗതിയിൽ മുന്നോട്ടുപോവുകയാണ്.
വീതി കുറവുള്ള പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.പി പറഞ്ഞു. എൻ.എച്ച് 85 പ്രോജക്ട് ഡയറക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ വിവിധ ഉദ്യോഗസ്ഥന്മാരും, പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, പൊതുപ്രവർത്തകരായ ജൈമോൻ ജോസ്, പി.ആർ രവി, എം.എസ് റസാഖ്, പി.എം റഷീദ്, പഞ്ചായത്ത് സെക്രട്ടറി ആർ സേതു, തുടങ്ങിയവരും കരാർ കമ്പനിയുടെ പ്രതിനിധികളും ഉണ്ടായിരുന്നു.