Timely news thodupuzha

logo

2000 വ്യാജ വിസ; ഇന്ത്യയിലെ യു.എസ് എംബസി അപ്പോയിൻറ്മെൻറുകൾ റദ്ദാക്കി

ന്യൂഡൽഹി: കൃത്രിമത്വം കണ്ടെത്തിയതിനെത്തുടർന്ന് 2000 വിസ അപ്പോയിൻറ്മെൻറുകൾ റദ്ദാക്കി ഇന്ത്യയിലെ യു.എസ് എംബസി. ബോട്ടുകളെ ഉപയോഗിച്ച് നിലവിലുള്ള ഔദ്യോഗിക ഷെഡ്യൂളിങ്ങ് നയങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്നും യു.എസ് എംബസി വ്യക്തമാക്കി.

ബോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത സ്ലോട്ടുകളും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും സസ്പെൻഡ് ചെയ്യുന്നുവെന്നും ഇത് അടിയന്തരമായി പ്രാബല്യത്തിൽ വരുമെന്നും എംബസി വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് മുതൽ ഓഗസ്റ്റ് വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ബോട്ടുകളെ ഉപയോഗിച്ച് അനധികൃതമായി വിസ അപ്പോയിൻറ്മെൻറ് ഇൻറർവ്യൂവിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയത്.

യഥാർഥ അപേക്ഷകർക്ക് ഈ സ്ലോട്ടുകൾ ബുക്ക് ആയതായി അറിയിപ്പ് ലഭിക്കും. നിശ്ചിത സമയത്തിനുള്ളിൽ യു.എസിൽ എത്തേണ്ടവർ വിസ ഏജൻറുമാർക്ക് വൻതുക നൽകി ഈ സ്ലോട്ടുകൾ സ്വന്തമാക്കേണ്ടി വരും. 35,000 രൂപ വരെ വിസ സ്ലോട്ടിനു വേണ്ടി എജൻറുമാർക്ക് നൽകിയവർ ഉണ്ട്. 30 ഏജൻറുകൾ അടങ്ങുന്ന ശൃംഖല ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പല ഐപി അഡ്രസുകളിലൂടെ വ്യാജ രേഖകൾ സമർപ്പിച്ചാണ് അപ്പോയിൻറ്മെൻറ് സ്ലോട്ടുകൾ ബുക്ക് ചെയ്തിരുന്നത്.വിസ കൺസൾട്ടൻറുമാർ, രേഖകൾ നിർമിക്കുന്നവർ, പാസ്പോർട്ട് ഡെലിവറി സർവീസ്, എജുക്കേഷൻ കൺസൾട്ടൻറ്സ് എന്നിവരുമായി തട്ടിപ്പുസംഘത്തിന് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

തട്ടിപ്പിനെക്കുറിച്ച് യുഎസ് എംബസി വിവരം നൽകിയതിനു പിന്നാലെ ഫെബ്രുവരി 27ന് ഡൽഹി പൊലീസ് നിരവധി വിസ, പാസ്പോർട്ട് ഏജൻറുമാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *