തൊടുപുഴ: ഭിന്നശേഷിക്കാരനായ വിജു പൗലോസിനും കുടുംബത്തിനും തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി നിര്‍മിച്ചു നല്‍കിയ ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനത്തിന്റെ താക്കോല്‍ ദാനം യാത്രികനും മാധ്യമപ്രവര്‍ത്തകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര നിര്‍വഹിച്ചു. പുതിയ ജീവിതങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് പ്രതീക്ഷകളിലാണ്.

ഗോപിനാഥ് മുതുകാട് തെളിച്ച പ്രതീക്ഷയെന്ന വെളിച്ചത്തിലൂടെ ഭിന്നശേഷിക്കാരനായ വിജുവിനും കുടുംബത്തിനും പുതിയ പ്രതീക്ഷകള്‍ സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. മാനവികതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ മുതുകാട് തന്റെ കര്‍മം ഒരിടത്തുമാത്രം ഒതുക്കാതെ എല്ലായിടത്തേയ്ക്കും വ്യാപിക്കുന്നതിന്റെ തെളിവാണ് 14 ജില്ലകളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന ഭിന്നശേഷി സൗഹൃദ വീടുകള്‍. ചിന്താശേഷിയുള്ള വ്യക്തിത്വങ്ങള്‍ മാറ്റങ്ങള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങുമ്പോള്‍ സമൂഹം അതിനൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊടുപുഴ വഴിത്തലയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍, ശാന്തിഗിരി കോളേജ് മാനേജര്‍ ഫാ.പോള്‍ പാറേക്കാട്ടില്‍, പ്രിന്‍സിപ്പാള്‍ ഫാ.ജോസ് ജോണ്‍, വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ഷിന്റോ, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.ക തുടങ്ങിയവര്‍ പങ്കെടുത്തു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ചെറുപുഷ്പം ജെയ്സനുവേണ്ടി മകന്‍ സാം ജെയ്‌സണ്‍, എഞ്ചിനീയര്‍ അനൂപ്, സപ്പോര്‍ട്ടര്‍ ഔസേപ്പച്ചന്‍ എന്നിവര്‍ക്ക് മെമെന്റോ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. തങ്ങളുടെ സേവനങ്ങള്‍ ഇവര്‍ സൗജന്യമായാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലേയും മാജിക് പ്ലാനറ്റിലെയും ജീവനക്കാരുടെ ധനസമാഹരണത്തിലൂടെ വാങ്ങിയ വീല്‍ ചെയര്‍ വിജുവിന് കൈമാറി.

സംസ്ഥാനത്ത് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനം നിര്‍മിച്ചുനല്‍കുന്ന പദ്ധതിയിലെ ഇടുക്കി ജില്ലാ ഗുണഭോക്താക്കളാണ് വിജു പൗലോസും കുടുംബവും. ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന സ്‌കോര്‍ നേടിയാണ് വിജു മാജിക് ഹോമിന് യോഗ്യത നേടിയത്. റാമ്പ്, വീല്‍ചെയര്‍ കടന്നു പോകാന്‍ പാകത്തില്‍ വാതിലുകള്‍, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകള്‍ എന്നിവ ഈ വീടിന്റെ സവിശേഷതയാണ്..