മുട്ടം: എള്ളുംമ്പുറത്തെ പട്ടികവർഗ്ഗ യുവാവിനെ എക്സൈസ് കള്ളക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കുക, വൻതോതിലുള്ള ഗഞ്ചാവിന്റെയും ഹാഷിഷ് ഓയിലിന്റെയും ഉറവിടം കണ്ടെത്തുക, യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, ലഹരി വ്യാപനം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ മുട്ടത്ത് സായാഹ്ന ധർണ്ണയും പൊതുയോഗവും നടന്നു.
സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക വൈദിക സെക്രട്ടറി റവ. റ്റി.ജെ ബിജോയ് ഉദ്ഘാടനം ചെയ്തു. സിറിൽ ജോൺസനെ കളവായി കേസിൽ കുടിക്കിയ എക്സൈസ് ഉദ്യോഗസ്ഥർക്കും ഗൂഢാലോചന നടത്തിയ മയക്കുമരുന്ന് ലോബിക്കെതിരെയും പട്ടികജാതി – പട്ടിക ഗോത്രവർഗ്ഗ പീഡനം തടയൽ നിയമമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നും ലഹരി വ്യാപനം തടയണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ആദിവാസി ഏകോപന സമിതി സംസ്ഥാന ട്രഷറർ എം.ഐ ശശീന്ദ്രൻ, ഗാന്ധിദർശൻ വേദി ഉപാധ്യക്ഷൻ റ്റി.ജെ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ കെ ബിജു, മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോൺ, എട്ടാം വാർഡ് മെമ്പർ ടെസി സതീഷ്, റവ. പി.ഡി ജോസഫ്, വിവിധ കക്ഷിനേതാക്കളായ പി.എസ് സതീഷ്, വി.ജി ഷാജു, എൻ വിനോദ് കുമാർ, ഇ.എൻ ചന്ദ്രബോസ്, ബിനോയ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയ പ്രക്ഷോഭ സമിതി ചെയർമാൻ ജെയിംസ് കോലാനി, ജനറൽ കൺവീനർ കെ.എം സാബു എന്നിവർ നേതൃത്വം നൽകി.