തൃശൂർ: ചാലക്കുടിയുടെ സമീപ പ്രദേശങ്ങളിൽ പുലിയെ വീണ്ടും കണ്ടതായി റിപ്പോർട്ടുകൾ. ടൗണിനോട് ചേർന്ന് പുലിയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിരുന്നു.
എന്നാൽ ശനിയാഴ്ച പുലർച്ചയോടെ ചാലക്കുടിക്കു സമീപം അന്നനാട് സ്വദേശിയുടെ വീട്ടിലെ നായയെ പുലി ആക്രമിച്ചതായി വീട്ടുകാർ പറയുന്നു. നായയുടെ കുരകേട്ട് പുറത്തെത്തിയ വീട്ടുകാർ പുലി നായയെ ആക്രമിക്കാൻ ശ്രമിക്കുന്നതായി കണ്ടു. നായയെ ചങ്ങല കൊണ്ട് കെട്ടിയിട്ടിരുന്നതിനാൽ പുലിക്ക് നായയെ കൊണ്ടുപെോകാൻ സാധിച്ചില്ല.
വീട്ടുകാർ ബഹളം വച്ച് ലൈറ്റുകൾ ഇട്ടതോടെ പുലി ഓടി രക്ഷപ്പെട്ടു. പുലിയുടെ ആക്രമണത്തിൽ നായയ്ക്ക് കാര്യമായി പരുക്കേറ്റിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പും പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പിന്നീട് പുലിയെ കണ്ടെത്താൻ സാധിച്ചില്ല. ചാലക്കുടി പുഴയിലും പരിശോധന നടത്തിയിരുന്നു. പുഴയിൽ ബോട്ടിറക്കി തെർമൽ ക്യാമറകൾ ഉപയോഗിച്ചാണ് തീരങ്ങൾ നിരീക്ഷിച്ചിരുന്നത്. ഇതിനു മുൻപ് എസ്എച്ച് കോളെജ്, സിഎംആ സ്കൂൾ ഭാഗങ്ങളിൽ പുലിയെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പുലിയെ പിടികൂടാൻ സാധിക്കാത്തത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.