തിരുവനന്തപുരം: വിവാദ ഭാഗങ്ങൾ കടുത്തതിനു പിന്നാലെ റീ-എഡിറ്റ് ചെയ്ത എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിയറ്ററുകളിലെത്തും. ഇന്ന് വൈകിട്ടോടെയായിരിക്കു ചിത്രത്തിൻ്റെ പ്രദർശനം.
റീ-എഡിറ്റ് ചെയ്ത പതിപ്പ് ഉടൻ തിയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെൻർ ബോർഡിൻറെ നിർദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം 3 മിനിറ്റ് വെട്ടിമാറ്റി. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലൻറെ പേരും മാറ്റിയേക്കുമെന്നും സൂചനയുണ്ട്. സിനിമയിലെ വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് ഉൽപ്പടെയുള്ള താരങ്ങൾ മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു.
ഒരു കലാകാരൻ എന്ന നിലയിൽ തൻറെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തൻറെ കടമയാണെന്നും അതിൻറെ ഉത്തരവാദിത്വം സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണെന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഒരുമിച്ച് തീരുമാനിച്ചെന്നും മോഹൻലാൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
എന്നാൽ കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വിവാദങ്ങൾക്കിടയിലും തിയറ്ററുകളിൽ നിറഞ്ഞ സദസിൽ ചിത്രം പ്രദർശനം തുടരുകയാണ്. ഒറ്റദിവസംകൊണ്ട് രണ്ടുലക്ഷം ടിക്കറ്റുകൾ വിറ്റതായും സിനിമയുടെ റെക്കോർഡ് കളക്ഷൻ വിവരങ്ങളും നിർമാതാവ് ആൻറണി പെരുമ്പാവൂർ ഉൾപ്പടെയുള്ള താരങ്ങൾ തന്നെ പുറത്തുവിട്ടിരുന്നു.