പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റു. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ടയിൽ 13 കാരി മരിച്ചത് പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. ഡിസംബർ 13 നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിലെത്തി വാക്സിനുകളെടുത്ത് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ മൂന്ന് മുതൽ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഒമ്പതിന് കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് പോവിഷബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ മൂന്നു കുട്ടികൾക്കാണ് വാക്സിനെടുത്ത ശേഷവും പേവിഷബാധ ഉണ്ടാകുന്നത്. പാലക്കാട് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയും മലപ്പുറത്ത് ആറ് വയസ്സുള്ള പെൺകുട്ടിയും മരണത്തിന് കീഴടങ്ങി. കൊല്ലം സ്വദേശിയായ ഏഴ് വയസ്സുള്ള പെൺകുട്ടിയും നിലവിൽ തിരുവനന്തപുരം എസ്ഐടിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.