Timely news thodupuzha

logo

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ ഐക്യരാഷ്ട്ര സഭയിലെ യോ​ഗത്തിൽ പാക്കിസ്ഥാന് രൂക്ഷ വിമർശനം

യു.എൻ: പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ നടത്തിയ ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ പാക്കിസ്ഥാന് രൂക്ഷ വിമർശനം. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുമായുള്ള സംഘർഷാവസ്ഥ വഷളാക്കിയത് പാക്കിസ്ഥാൻറെ നടപടികളാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ എന്ന ഭീകര സംഘടനയ്ക്ക് ഭീകരാക്രമണത്തിലുള്ള പങ്കിനെക്കുറിച്ച് അംഗങ്ങൾ പാക്കിസ്ഥാനോട് വിശദീകരണം തേടി.

പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ നിരന്തരം ആണവായുധ ഭീഷണി മുഴക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും ചർച്ചയിൽ പങ്കെടുത്ത അംഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടി. സംഘർഷാവസ്ഥ ഉടലെടുത്ത ശേഷം പാക്കിസ്ഥാൻ രണ്ടു വട്ടം മിസൈൽ പരീക്ഷണങ്ങൾ നടത്തി. ഇതിൽ രക്ഷാ സമിതി ആശങ്ക പ്രകടിപ്പിച്ചു.

സമിതിയിൽ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളും വീറ്റോ അധികാരമില്ലാത്ത പത്ത് താത്കാലിക അംഗങ്ങളുമാണുള്ളത്. താത്കാലിക അംഗരാജ്യങ്ങളിലൊന്നാണ് ഇപ്പോൾ പാക്കിസ്ഥാൻ. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നിവയാണ് രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങൾ.

പാക്കിസ്ഥാനെ കൂടാതെ അൾജീരിയ, ഡെൻമാർക്ക്, ഗ്രീസ്, ഗയാന, പനാമ, തെക്കൻ കൊറിയ, സിയെറ ലിയോൺ, സ്ലോവേനിയ, സോമാലിയ എന്നിവ ഇപ്പോൾ താത്കാലിക അംഗങ്ങളാണ്. ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ രക്ഷാസമിതി അംഗങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചു. മതം അടിസ്ഥാനമാക്കിയാണ് വിനോദസഞ്ചാരികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചതെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

നദീജല കരാർ, വ്യാപാരം, നയതന്ത്രം തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചുള്ള ഇന്ത്യയുടെ പ്രതികരണങ്ങൾക്കെതിരേ ആഗോള പിന്തുണ ആർജിക്കുക എന്ന പാക്കിസ്ഥാൻറെ ലക്ഷ്യമാണ് ഇവിടെ പരാജയപ്പെട്ടിരിക്കുന്നത്.

അതേസമയം, ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതായി രക്ഷാസമിതിയിലെ പാക് പ്രതിനിധി അസിം ഇഫ്തിക്കർ പറഞ്ഞു. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇഫ്തിക്കർ ആരോപിച്ചു.

സംഘർഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് ചർച്ചയ്ക്കു ശേഷം റഷ്യൻ പ്രതിനിധി പ്രതീക്ഷ പ്രകടിപ്പിച്ചു. സൈനിക നടപടി ഒന്നിനും പരിഹാരമല്ലെന്ന് ചർച്ചയ്ക്കു മുൻപേ യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടിറസ് അഭിപ്രായപ്പെട്ടിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും, ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഗുട്ടിറെസ്.

Leave a Comment

Your email address will not be published. Required fields are marked *