Timely news thodupuzha

logo

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത യു.പിയിലെ വ്യവസായിയും അറസ്റ്റിൽ

ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി വിവരങ്ങൾ ചോർത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ വ്യവസായി അറസ്റ്റിൽ. റാംപുർ സ്വദേശി ഷഹ്സാദ് ആണ് ഉത്തർപ്രദേശ് പൊലീസിൻറെ സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻറെ പിടിയിലായിരിക്കുന്നത്.

ഹരിയാനയിൽ നിന്ന് പ്രശസ്ത യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായതിനു പിന്നാലെയാണ് ഷഹ്സാദിൻറെ അറസ്റ്റ്. ദേശീയ സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ പലതും പാക്കിസ്ഥാൻറെ ഇൻറർ സർവീസസ് ഇൻറലിജൻസിന്(ഐഎസ്ഐ) ഷഹ്സാദ് കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഷഹ്സാദ് പല തവണ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. അതു മാത്രമല്ല കോസ്മെറ്റിക്സ്, വസ്ത്രം, സുഗന്ധദ്രവ്യങ്ങൾ എന്നിവ അതിർത്തി വഴി നിയമം ലംഘിച്ച് കടത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കള്ളക്കടത്തിൻറെ മറവിലാണ് പാക്കിസ്ഥാന് വിവരങ്ങൾ ചോർത്തിയിരുന്നതെന്നും എസ്ടിഎഫ് പറയുന്നു. ഇന്ത്യൻ രൂപയും ഇന്ത്യൻ സിം കാർഡും ഷഹ്സാദ് ഇന്ത്യയിലെ ഐഎസ്ഐ ഏജൻറുമാർക്ക് കൈമാറിയിട്ടുണ്ട്.

ഐഎസ്ഐക്കു വേണ്ടി ജോലി ചെയ്യാനായി റാംപുർ അടക്കമുള്ള പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളെ പാക്കിസ്ഥാനിലേക്ക് കയറ്റി അയച്ചതായും അന്വേഷണത്തിൽ തെളിഞ്ഞുവെന്ന് എസ്ടിഎഫ്. ഇവർക്കുള്ള വിസ ഐഎസ്ഐ ആണ് തയാറാക്കി നൽകിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *