ന്യൂഡൽഹി: ഹോങ്കോങ്, സിംഗപ്പൂർ, തായ്ലൻഡ്, ചൈന തുടങ്ങിയ നിരവധി ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ആഴ്ച കൊവിഡ്-19 കേസുകൾ വർധിച്ചതിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ഇന്ത്യയിലെ മെഡിക്കൽ വിദഗ്ധർ.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കൊവിഡ് കണക്ക് പ്രകാരം, ഏപ്രിൽ 28 മുതൽ ഇന്ത്യയിൽ 58 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 93 ആയി. രാജ്യങ്ങൾ പുതിയൊരു തരംഗത്തിലേക്ക് കടക്കുന്നുണ്ടെന്നാണു സമീപകാല ഡേറ്റ സൂചിപ്പിക്കുന്നത്.
പ്രതിരോധശേഷി കുറയുന്നതും ദുർബല ജനവിഭാഗങ്ങൾക്കിടയിൽ ബൂസ്റ്റർ വാക്‌സിനേഷൻ എടുക്കുന്നതിൽ വന്ന കുറവുമാണ് ഇതിനു കാരണമായി കരുതുന്നത്. കൊവിഡ്-19ൻറെ ഒരു പുതിയ തരംഗത്തിലേക്ക് ഹോങ്കോങ്ങ് പ്രവേശിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. 31 മരണങ്ങൾ സംഭവിച്ചു.
ഗുരുതര കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ തരംഗം രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ അതിൻറെ ഉച്ചസ്ഥായിയിലെത്തുമെന്നും മൂന്ന് മാസം വരെ നീണ്ടുനിൽക്കുമെന്നുമാണു ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും ഡോക്ടർമാർ പറയുന്നത്.
കേസുകളുടെ എണ്ണത്തിൽ ആഴ്ചയിൽ 28% വർധന ഉണ്ടായതിനെത്തുടർന്നു സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയം വിശദമായ അപ്ഡേറ്റ് പുറത്തിറക്കി. ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും ഏകദേശം 30% വർധിച്ചു.
ചൈനയിൽ കൊവിഡ്-19 വീണ്ടും ഉയർന്നുവരുന്നുണ്ട്. എങ്കിലും ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന്.
ഏപ്രിലിലെ സോങ്ങ്ക്രാൻ ഉത്സവത്തിനുശേഷം തായ്ലൻഡിൽ കേസുകളുടെ എണ്ണത്തിൽ വർധന അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആ ഉത്സവത്തിൽ വലിയ ഒത്തുചേരലുകൾ ഉണ്ടായിരുന്നു. അത് കൊവിഡ് പകരാനുള്ള സാധ്യതയും വർധിപ്പിച്ചു. കൊവിഡ്-19 ഇല്ലാതാകുന്നില്ല. അത് പ്രത്യേക സാഹചര്യത്തിൽ വ്യാപിക്കും.
നിലവിലെ വകഭേദങ്ങൾ കൂടുതൽ അപകടകരമല്ലെങ്കിലും, ബൂസ്റ്റർ ഡോസ് എടുത്തവരുടെ കുറഞ്ഞ നിരക്കുകളും ദുർബലമായ പ്രതിരോധശേഷിയും നിരവധി ഏഷ്യൻ രാജ്യങ്ങളിൽ വൈറസിന് നിശബ്ദമായി തിരിച്ചുവരാൻ സാഹചര്യമൊരുക്കിയിട്ടുണ്ട്. നിലവിൽ, ആരോഗ്യ അധികൃതർ ജാഗ്രത തുടരാൻ ആവശ്യപ്പെടുന്നുണ്ട്, പ്രത്യേകിച്ച് ദുർബലരായ ജനവിഭാഗങ്ങൾക്കിടയിൽ.