പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൻറെ പാട്ടിൽ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പർ വേടനെതിരെ എൻഎഐയ്ക്കും ആഭ്യാന്തരവകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതി നൽകിയത്.
വേടൻറെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമർശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, വിദ്വേഷം വളർത്തൽ, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീർത്തിപ്പെടുത്തൽ, അക്രമവും വിദ്വേഷവും വളർത്തുന്നതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.
ഇന്നത്തെ ആധുനിക കാലഘട്ടത്തിനും ഇന്നത്തെ സർക്കാരിൻറെ വിശ്വാസ്യതയ്ക്കും പറ്റിയ കാര്യമല്ല വേടൻറെ വരികളിൽ ഉള്ളതെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു. ഇപ്പോഴാണ് താനിത് കാണുന്നതെന്നും അന്ന് കണ്ടിരുന്നെങ്കിൽ അന്ന് കേസ് കൊടുക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി കപട ദേശീയ വാദിയാണെന്നും വാളെടുത്തവനാണെന്നും ഊരുചുറ്റുന്നവനാണെന്നും പറയുന്നത് എവിടുത്തെ ന്യായമാണ്. അത് ശരിയല്ല.
വേടന് എത്രതന്നെ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അയാൾ ഒരു ഇന്ത്യൻ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ നിൽക്കണം. മറ്റ് രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ അയാൾ ഇന്നെവിടെയായിരിക്കും? ഇന്ന് അടിമത്ത വ്യവസ്ഥിതിയില്ലെന്നും എന്തിനാണ് ഇത്തരം കാര്യങ്ങൾ ഇപ്പോൾ പറയുന്നത്.” മിനി പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യം കാലഘട്ടത്തിന് അനുസൃതമാകണം. അത് നിലവിലുള്ള സമാജത്തിൻറെ കെട്ടുറപ്പിന് ദോഷകരമാകരുതെന്നും മിനി കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ഇതിന് പിറകിലുള്ള ചേതോവികാരം എന്ത് തന്നെയായാലും അത് പുറത്തുകൊണ്ടുവരാനാണ് എൻഐഎയ്ക്ക് പരാതി നൽകിയിരിക്കുന്നതെന്നും ഇത്തരം കാര്യങ്ങൾ ധൈര്യത്തിൽ പറയുന്ന വേടൻറെ പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.