കൊച്ചി: സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിസ തോമസിന് പെൻഷൻ ഉൾപ്പെടെയുള്ള വിരമിക്കൽ അനുകൂല‍്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല‍്യങ്ങൾ നൽകണമെന്നാണ് കോടതി ഉത്തരവ്.
ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻറേതാണ് ഉത്തരവ്. അതേസമയം സിസ തോമസിൻറെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ജീവനക്കാരുടെ ആനുകൂല‍്യങ്ങൾ ഉൾപ്പെടെയുള്ള കാര‍്യങ്ങളിൽ വിരമിക്കുന്നതിനു മുമ്പ് തന്നെ സർക്കാർ തീരുമാനമെടുക്കണമെന്നും ആനുകൂല‍്യങ്ങൾ നൽകാതെ 2 വർഷമായി സർക്കാർ എന്താണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും കോടതി ചോദിച്ചു.
എന്നാൽ സിസ തോമസിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നതായും വിരമിക്കുന്നതിനു മുമ്പുള്ള ബാധ‍്യതകൾ സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. 2023 മാർച്ച് 31നായിരുന്നു സിസ തോമസ് വിരമിച്ചത്. ആനുകൂല‍്യങ്ങൾ തടഞ്ഞുവച്ച നടപടിയെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.