കാസർഗോഡ്: മാനസിക വെല്ലുവിളികൾ നേരിടുന്ന 14 വയസുള്ള കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 167 വർഷം കഠിനതടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്കള പാണലം ഉക്കംപെട്ടിയിലെ ഉസ്മാൻ എന്ന ഉക്കംപെട്ടി ഉസ്മാനാണ്(63) കേസിലെ പ്രതി. പിഴ അടച്ചില്ലെങ്കിൽ 22 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം.
കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനുവിൻറേതാണ് വിധി. 2021 ജൂൺ 25നും അതിന് മുമ്പുള്ള പല ദിവസങ്ങളിലും കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ചെർക്കള ബേവിഞ്ചയിലെ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നതാണ് കേസ്.
ഇന്ത്യൻ ശിക്ഷാനിയമവും പോക്‌സോ നിയമവും പ്രകാരം വിവിധ വകുപ്പുകളിൽ പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. കാസർഗോഡ് വനിതാ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.