തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ രണ്ടിന് എന്ന് തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഞായറാഴ്ച വരെയുള്ള കാലാവസ്ഥ നോക്കിയതിനുശേഷം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തുറക്കുന്ന ദിവസത്തിൽ മാറ്റം വേണോ എന്നതിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ പതിനാലായിരം കണക്കിന് സ്‌കൂൾ കെട്ടിടങ്ങളിൽ ഒന്നിനു പോലും തകരാർ ഉണ്ടായിട്ടില്ല.
കഴിഞ്ഞ നാളുകളിൽ അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഹൈസ്‌കൂൾ സമയക്രമത്തിലെ മാറ്റത്തിലെ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. ഇത് കൂടിപ്പോയെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത് അധ്യാപക സംഘടനകൾ തന്നെയാണ്.

പിന്നാലെ കോടതി നിർദേശത്തിൽ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. കമ്മീഷൻ നൽകിയ റിപ്പോർട്ടാണ് വെള്ളിയാഴ്ച പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയം കൂട്ടിച്ചേർത്തതെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.