പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി വയോധികൻ മരണത്തിനു കീഴടങ്ങി. ചീരക്കടവ് സ്വദേശി മല്ലൻ(60) എന്നയാളാണ് കാട്ടാനയാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ചീരക്കടവിലെ വനമേഖലയിൽ വെള്ളിയാഴ്ച(30) ഉച്ചയോടെയായിരുന്നു പശുവിനെ മേയ്ക്കാൻ പോയ മല്ലനെ കാട്ടാന ആക്രമിച്ചത്.
ആന തുമ്പിക്കൈകൊണ്ട് തട്ടിയിടുകയായിരുന്നു. ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതടക്കം ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻറിലേറ്ററിലേക്കും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായാണ് വെള്ളിയാഴ്ച തൃശ്ശൂർ മെഡിക്കൽ കോളെജിലേക്കും മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മല്ലൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളെജിൽ സൂക്ഷിച്ചിരിക്കുന്നു. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം തിരികെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോകും.





