കൊച്ചി: എസ്എസ്എൽസി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ മകൻറെ പ്ലസ് വൺ പ്രവേശനത്തിന് തടവിൽ കഴിയുന്ന പിതാവിന് ഏഴ് ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി.
ജീവപര‍്യന്തം തടവിൽ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്. വിദ‍്യാർഥിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദേശം. മിടുക്കനായ കുട്ടി തുടർപഠനത്തിന് പ്രവേശനം തേടുന്നതിനായി പിതാവിൻറെ അനുഗ്രഹം ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മകന് വിദ‍്യാഭ‍്യാസം ലഭിക്കണമെന്നത് തടവുകാരൻറെ അവകാശമാണെന്നും വിധിന‍്യായത്തിൽ പറയുന്നു. നല്ല ഭാവിക്കായി സർവശക്തൻ അനുഗ്രഹിക്കട്ടെയെന്നും കോടതി പറഞ്ഞു.
പിതാവിനെ കൊന്ന കേസിലായിരുന്നു പാലക്കാട് സ്വദേശിയെ ജീവപര‍്യന്തത്തിന് ശിക്ഷിച്ചത്. പരോൾ അനുവദിക്കണമെന്ന അപേക്ഷ തള്ളിയതിനെ തുടർന്ന് തടവുകാരൻറെ ഭാര‍്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.