തൊടുപുഴ: മുല്ലപ്പെരിയാർ സമരസമിതി മുൻ ചെയർമാൻ പ്രൊഫ. സി.പി റോയി രചിച്ച് പാഠഭേദം ബുക്സ് പ്രസിദ്ധീകരിച്ച മുല്ലപ്പെരിയാർ: ഡാം 999+999 അറിയാത്തതും അറിയേണ്ടതും എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം 16ന് രാവിലെ 11ന് മുൻ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് എം.എൽ.എയുടെ ഭവനത്തിൽ വച്ചു നടത്തും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, മുല്ലപ്പെരിയാർ ഡാമിന്റെ തൊട്ടു താഴെ വള്ളക്കടവിൽ താമസിക്കുന്ന ജോസഫ്, മാത്യു തുടങ്ങിയവരും പെരിയാർ തീരദേശവാസികളും കരിംകുളം ചപ്പാത്തിലെ മുല്ലപ്പെരിയാർ സമരസമിതി പ്രവർത്തകരുമായ കെ.കെ വിശ്വംഭൻ, അൻപയ്യൻ, കെ.വി ഷണ്മുഖൻ, പി.ആർ അയ്യപ്പൻ, ലാലു പി.വി, സ്റ്റീഫൻ എന്നിവരും ചേർന്ന് പുസ്തകം ഏറ്റുവാങ്ങും.
തുടർന്ന് 12 മണിക്ക് തൊടുപുഴ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനവും പുസ്തക ചർച്ചയും നടക്കും. യോഗത്തിൽ പ്രസ്സ് ക്ലബ് പ്രസിഡന്റിന് പുസ്തകത്തിന്റെ കോപ്പി നൽകും. മുല്ലപ്പെരിയാർ കരാർ ഒപ്പിടാൻ നിർബന്ധിതമായ സാഹചര്യം, കേരളത്തിൽ നിന്ന് തമിഴ്നാടിന് വെള്ളം കൊടുക്കുന്ന മറ്റ് അണക്കെട്ടുകൾ, കരാർ കാലാവധി കഴിഞ്ഞ ഡാമുകളുടെ കരാർ പുതുക്കുന്നതിന് കേരളം മടിക്കുന്നതെന്ത്, 2014ലെ സുപ്രിം കോടതി വിധി നടപ്പാക്കാതെ കേരളവും തമിഴ്നാടും ഒളിച്ചു കളിക്കുന്നതെന്ത്, തമിഴ്നാടിൻ്റെ പണം കേരളത്തെ സ്വാധീനിക്കുന്നുണ്ടോ, പൊതുതാൽപര്യ ഹർജികളുടെ സാധ്യതകളും അപകടങ്ങളും, കേരളത്തിനെതിരെ തമിഴ്നാട് നടത്തുന്ന നുണപ്രചരണങ്ങൾ തുടങ്ങി മുല്ലപ്പെരിയാർ സംബന്ധിച്ച് സമഗ്രമായ ചർച്ച ആണ് സംഘടിപ്പിച്ചിരിക്കുന്നത്.
മാധ്യമ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം ഉള്ള ആളുകൾ, വൈപ്പിനിലെ മുല്ലപെരിയാർ ടണൽ സമര സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്നും മുല്ലപ്പെരിയാർ സമര സമിതി മുൻ ചെയർമാൻ സി.പി റോയി അറിയിച്ചു.