മുംബൈ: സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധ ദമ്പതികൾക്ക് സൗജന്യമായി സ്വർണ നെക്ലേസ് നൽകി ജ്വല്ലറിയുടമയുടെ കരുതൽ. മഹാരാഷ്‌ട്രയിലെ ജൽന ജില്ലയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ(ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്.

ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയിൽസ് മാൻ നെക്ലേസിന്‍റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദമ്പതികൾ തെരഞ്ഞെടുക്കുകയും ചെയ്തു. എത്ര രൂപ കൈവശമുണ്ടെന്നു സെയിൽസ് മാൻ ചോദിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 1120 രൂപ വൃദ്ധൻ എടുത്തുകാട്ടി. ഇതേയുള്ളോയെന്നു ചിരിച്ചുകൊണ്ടു ചോദിച്ചപ്പോൾ വൃദ്ധൻ പോയി തന്‍റെ ബാഗിൽനിന്ന് കുറേ നാണയങ്ങൾ കൊണ്ടുവന്നു. ഇതെല്ലാം സിസിടിവിയിലൂടെ ജ്വല്ലറി ഉടമ വീക്ഷിക്കുന്നുണ്ടായിരുന്നു.
വൃദ്ധദമ്പതികളുടെ കരുതലിലും ഊഷ്മള ബന്ധത്തിലും ആകൃഷ്‌ടനായ അദ്ദേഹം ഇവർക്കരികിൽ എത്തുകയും പ്രതീകാത്മകമായി കേവലം 20 രൂപ മാത്രം വാങ്ങി സ്വർണം നൽകി വൃദ്ധദന്പതികളെ പറഞ്ഞയയ്ക്കുകയുമായിരുന്നു. ആദ്യമൊന്ന് അന്പരന്ന ദന്പതികൾ ജ്വല്ലറിയുടമയുടെ കരുണയിൽ ഒരുവേള കണ്ണീർ വാർക്കുകയും ചെയ്തു.
വൃദ്ധദന്പതികളുടെ പരസ്പരമുള്ള കരുതലും സ്നേഹവും തന്നെ ആകർഷിച്ചെന്നും ജീവിതസായന്തനത്തിലും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണു അവർ മുന്നോട്ടുപോകുന്നതെന്നും ജ്വല്ലറിയുടമ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു. മൂത്ത മകൻ നേരത്തേ മരിച്ചു. ഇളയമകൻ മദ്യപാനിയാണ്. ദന്പതികൾ തനിച്ചാണു താമസം. എങ്കിലും ഉള്ളതുകൊണ്ട് സംതൃപ്തരായി സന്തോഷകരമായ ദാന്പത്യജീവിതമാണ് ഇരുവരും നയിക്കുന്നതെന്നും ജ്വല്ലറിയുടമ പറഞ്ഞു. വൃദ്ധദന്പതികൾ ജ്വല്ലറിയിലേക്ക് എത്തുന്നതും സ്വർണമാല തെരഞ്ഞെടുക്കുന്നതും കൈവശമുണ്ടായിരുന്ന പണം നൽകുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
നമ്മുടെ നാട്ടിൽ കുടുംബ ബന്ധങ്ങൾ തകരുന്നതിന്റെയും അതിന്റെ പേരിൽ അക്രമവും കൊലപാതകവും നടക്കുന്ന വാർത്തകൾ വർധിച്ചു വരുന്ന കാലത്താണ് നല്ലൊരു വാർത്ത മുംബയിൽ നിന്നും കേട്ടത്.