ഇടുക്കി: സർക്കാർ സ്‌കൂളുകളിൽ മികച്ച ഭൗതിക സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പതിനാറാംകണ്ടം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിട്ടിരുന്ന സർക്കാർ സ്‌കൂളുകൾ ഇന്ന് മികവിന്റെ പാതയിലാണ്. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ വിദ്യാർഥികളുടെ പഠന നിലവാരവും ഉയർന്നു. നല്ല കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. വിദ്യാർഥികളുടെ മാനസിക ആരോഗ്യവും കായിക ക്ഷമതയും ഇതുവഴി മെച്ചപ്പെടും. ഈ പഞ്ചായത്തിൽ തന്നെ പ്ലസ് ടു സ്‌കൂളുകൾ ആരംഭിച്ചു. പ്രദേശത്തെ കുട്ടികൾക്ക് ഇവിടെ തന്നെ പഠിക്കാൻ സാധിക്കുന്നത് നാടിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തും മികച്ച സൗകര്യങ്ങളാണ് സർക്കാർ ഏർപ്പെടുത്തുന്നത്. ഇന്ത്യയിലെ 100 മികച്ച കോളേജുകളിൽ 16 എണ്ണം കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡാമിൽ ഫ്‌ളോട്ടിംഗ് പമ്പ് സ്ഥാപിച്ച് ജലശുദ്ധീകരണ ശാല പ്രവർത്തന സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തും. അഞ്ചു മാസത്തിനകം പ്രവർത്തനം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. വിദ്യാർഥികൾക്കുള്ള പഠനോപകരങ്ങളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജി സത്യൻ, ത്രിതല പഞ്ചായത്തംഗങ്ങളായ ഷൈനി സജി, മിനി ഷാജി, കെ.എ അലിയാർ, പതിനാറാംകണ്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റോയി തോമസ്, സ്‌കൂൾ പ്രധാനാധ്യാപിക ഷീന സി തോമസ്, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകരായ ബിജോ ജോസ്, വിവേക് ജോസഫ്, വിനോദ് മാത്യു, ബിനോയ് ചെറിയാൻ, രാജൻ തോമസ്, ബഷീർ യു. പി., പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

സ്‌കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ഇരുനിലകളിലായി ഹയർ സെക്കന്ററി വിഭാഗത്തിനായി ക്ലാസ്മുറികൾ, ലാബ്, ടോയ്‌ലറ്റ്, ഭിന്നശേഷി കുട്ടികൾക്കായുള്ള പ്രത്യേക ടോയ്‌ലറ്റ് തുടങ്ങിയവയാണ് നിർമ്മിക്കുന്നത്. 1.5 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.