ഇടുക്കി: മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന സന്ദേശ യാത്ര ചെറുതോണിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ വയോജന കൗൺസിൽ അംഗം കെ. ആർ. ജനാർദനൻ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് ദിപു എം.എൻ., നാഷണൽ ട്രസ്റ്റ് ജില്ലാ കോ-ഓഡിനേറ്റർ ചാക്കോ ചാക്കോ, ഒസിബി കൗൺസിലർ എബിൻ തോമസ് എന്നിവർ സംസാരിച്ചു.
മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ബോധവത്കരണ സന്ദേശയാത്ര, മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമവും നടപടിക്രമങ്ങളും സംബന്ധിച്ച ബ്രോഷർ വിതരണം, മുതിർന്ന പൗരൻമാർക്കുള്ള വിവിധ സംവിധാനങ്ങളെയും പദ്ധതികളെയും സംബന്ധിച്ച ലഖുലേഖ വിതരണം എന്നിവ നടത്തി. റീൽസ് മത്സരങ്ങളും സംഘടിപ്പിച്ചു. സ്‌കൂളുകളിലും കോളേജുകളിലും ഉൾപ്പടെ മാതാപിതാക്കളെയും മുതിർന്ന പൗരൻമാരെയും സംരക്ഷിക്കുന്നതിന് പ്രതിജ്ഞയെടുത്തു. അടിമാലി കാർമ്മൽഗിരി കോളേജിൽ കോളേജ് വിദ്യാർഥികൾക്കായി അവബോധ രൂപീകരണ സെമിനാർ നടത്തി.
ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംനാദ് വി. എ., ജൂനിയർ സൂപ്രണ്ട് സുനിത സുകുമാർ, ജില്ലാതല വയോജന കൗൺസിൽ അംഗം വി.ജെ. ഗോപിനാഥപിള്ള എന്നിവർ മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം, മുതിർന്ന പൗരൻമാർക്കായുള്ള വിവിധ പദ്ധതികൾ, മുതിർന്ന പൗരൻമാർ നേരിടുന്ന പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു.
ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.
കാർമൽ ഗിരി കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി സിസ്റ്റർ റിറ്റി റോയ്, അഡ്വ. അംബുജാക്ഷൻ എം.വി, റോഷൻ പോൾ, മുഹമ്മദ് അലിഫ്ഷാ എ.എ. എന്നിവർ സംസാരിച്ചു.
ആദിവാസി മേഖലകളിൽ ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച് നോട്ടീസും ലഘുലേഖയും വിതരണം ചെയ്യുമെന്ന് സാമൂഹ്യ പ്രവർത്തന വിഭാഗത്തിൽ നിന്നുള്ള മേധാവിയും വിദ്യാർഥികളും അറിയിച്ചു..