വണ്ണപ്പുറം: നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേയ്ക്കുള്ള വഴി പ്രധാന വഴിയിൽ നിന്ന് വേർപെടുത്തി കരാർ കമ്പനി. വനം വകുപ്പ് നിർദേശ പ്രകാരമെന്ന വിശദീകരണവും. ഇതോടെ വിശ്വാസികൾക്ക് പ്രാർഥന നടത്താൻ ഇവിടേയ്ക്ക് പ്രവേശിക്കണമെങ്കിൽ വലിയ ഏണിവയ്ക്കണം.
നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റ അരികിലുള്ളതാണ് വിവാദഭൂമി. റോഡ് പണിയുന്നതിനായി ഈ ഭാഗം താഴ്ത്തിയപ്പോൾ കുരിശ് നിന്ന സ്ഥലം ഉരത്തിലായി. ഇവിടേയ്ക്ക് കയറാൻ കമ്പനി തൊഴിലാളികൾ മണ്ണ് മാന്തി യന്ത്രം കൊണ്ട് വഴി ചായിച്ചു വെട്ടിയിരുന്നു. എന്നാൽ ഇത് വനം വകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതോടെ വിവാദ ഭൂമിയിലേയ്ക്ക് കയറാനുള്ള വഴി ഇല്ലാതായി. ഇതോടെ ഇവിടെ പ്രാർത്ഥന നടത്താൻ എത്തണമെങ്കിൽ ഗോവണി വയ്ക്കണം.
വെള്ളായാഴ്ച വൈകീട്ടാണ് വനം വകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തിൽ വഴി ഒഴിവാക്കി ജോലി പൂർത്തിയാക്കിയത്. കഴിഞ്ഞ ഏപ്രിൽ 12നാണ് തൊമ്മൻകുത്ത് സെയ്ന്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ചിരുന്ന കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയത്.

ഇത് വലിയപ്രക്ഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും മാത്യു കുഴൽനാടൻ എം.എൽ.എയും മറ്റ് യു.ഡി.എഫ് നേതാക്കളും സ്ഥലം സന്ദർശിച്ചിരുന്നു. എൽ.ഡി.എഫ് നേതാക്കളായ സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ, ജോസ് കെ മാണി എന്നിവരെത്തിയിരുന്നു. ഇവർ വനം വകുപ്പ് നടപടിയെ അന്ന് നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. വനം വകുപ്പ് നടപടിക്കെതിരെ കക്ഷി ഭേദമന്യേ രംഗത്ത് വരികയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്ന തിനിടെയാണ് പ്രകോപനപരമായ പുതിയ സംഭവം.
റോഡ് പണിയാൻ മാത്രമാണ് വനം വകുപ്പ് അനുവദിക്കുന്നുള്ളൂവെന്നും വിടുകൾക്കും സ്ഥാപനങ്ങൾക്കും അക്സസ്സ് റോഡ് പണിയാൻ അനുവദിക്കുന്നില്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. കെ.എസ്.റ്റി.പി നിർദേശിച്ചാൽ കുരിശ് നിന്നിടത്തേയ്ക്കും വീടുകളിലേയ്ക്കും പ്രവേശന റോഡ് ഉണ്ടാക്കുമെന്നും ഇവർ പറയുന്നു. അതേസമയം റോഡ് പണിതപ്പോൾ കുരിശ് നിന്ന ഭാഗം റോഡിൽ നിന്ന് ഉയരത്തിൽ ആയതാണെന്നും പ്രശ്നത്തിൽ വനം വകുപ്പ് ഇടപെട്ടിട്ടില്ലെന്നും കാളിയാർ റേഞ്ച് ഓഫീസർ പറഞ്ഞു.





