തിരുവനന്തപുരം: കവടിയാറിലെ അഞ്ചര കോടിയുടെ ഭൂതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അനന്തപുരി സ്വദേശി മണികണ്ഠൻ പിടിയിൽ. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമാണ് ഇയാളെ ചൊവ്വാഴ്ച പുലർച്ചെ ബംഗളൂരുവിൽ വച്ചാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൻറെ പിടിയിലാവുന്നത്.
കേസിൽ നേരത്തെ അറസ്റ്റിലായ രണ്ട് പേരിൽ നിന്നാണ് ഇയാളുടെ വിവരം ലഭിക്കുന്നത്. പിന്നാലെ ഇയാൾക്കായുള്ള തെരച്ചിലായിരുന്നു പൊലീസ്. ക്രത്യമായ ആസൂത്രിത തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്ത് വ്യാജ രേഖകൾ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തു എന്നതാണ് കേസ്. ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. കേസിൽ ആദ്യം അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമെരിക്കയിലെ ഡോക്‌റ്ററുമായി മുഖസാദൃശ്യമുണ്ടായിരുന്നു.
ഇവരെ മുൻനിർത്തിയാണ് തട്ടിപ്പ് നടന്നത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് മെറിൻറെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനായി വ്യാജ ഇഷ്ടദാന കരാർ ഉൾപ്പെടെയുള്ളവ ഉണ്ടാക്കി നൽകിയത് മണികണ്ഠനെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.





