പാലക്കാട്: ചിറ്റൂരിൽ കോഴിപ്പോര് നടത്തിയ ഏഴ് പേർ പിടിയിലായി. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ നിരോധിത കോഴിപ്പോര് നടത്തിയ ആളുകളെയാണ് പാലക്കാട് ചിറ്റൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും ഇവരിൽ നിന്നും കണ്ടെടുത്തു.
എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരാണ് കുറ്റവാളികൾ. കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനിൽ ലേലം ചെയ്ത് വിൽക്കും.