Timely news thodupuzha

logo

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ യുവതിയുടെ നെഞ്ചിനുള്ളിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ചികിത്സാ പിഴവ് സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായതായി സമ്മതിച്ച് ഡോക്‌റ്ററുടെ ശബ്ദരേഖ പുറത്ത്. സുമയ്യയുടെ നെഞ്ചിൽ‌ ട്യൂബ് കുടുങ്ങിയതായി രോഗിയുടെ ബന്ധുവിനോടാണ് ഡോക്റ്റർ വെളിപ്പെടുത്തൽ നടത്തിയത്.

പറ്റിയത് തെറ്റു തന്നെയാണെന്നും എക്സിറെയിലാണ് സംഭവം വ്യക്തമായതെന്നും ഡോക്‌റ്റർ പറയുന്നു. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഇതിന് ഉത്തരവാദികൾ. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ​ഗൈഡ് വയറാണെന്ന് മനസിലാകുന്നത്.

രണ്ടര വർഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് നടന്നിരിക്കുന്നതെന്നും ഡോക്‌റ്റർ പറയുന്നതായി ശബ്ദരേഖയിലുണ്ട്. 2023 മാർച്ച്‌ 22ന് തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് യുവതി വിധേയയായപ്പോഴാണ് സംഭവം. 50 സെൻറീ മീറ്റർ നീളമുള്ള സർജിക്കൽ ട്യൂബ് യുവതിയുടെ നെഞ്ചിൽ കുടുങ്ങുകയായിരുന്നു. കാട്ടാക്കട സ്വദേശി സുമയ്യയുടെ നെഞ്ചിലാണ് സർജറിക്കിടെ ട്യൂബ് കുടുങ്ങിയത്.

ഇതുസംബന്ധിച്ച് ജനറൽ ആശുപത്രിയിലെ ഡോക്റ്റർ രാജീവ്‌ കുമാറിനെതിരേയാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ പ്രശ്നം ഉണ്ടായപ്പോൾ ഇതേ ഡോക്റ്റർക്ക് കീഴിൽ രണ്ടു വർഷം ചികിത്സ തുടർന്നു. ആരോഗ്യപ്രശ്നം കടുത്തപ്പോൾ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. എക്സ്റേയിലാണ് നെഞ്ചിനകത്ത് ട്യൂബ് കണ്ടത്.

വീണ്ടും സന്ദർശിച്ചപ്പോൾ ഡോക്റ്റർ പിഴവ് സമ്മതിച്ചെന്ന് യുവതി പറഞ്ഞു. മറ്റു ഡോക്റ്റർമാരുമായി സംസാരിച്ച രാജീവ്‌ കുമാർ കീ ഹോൾ സർജറിയിലൂടെ ട്യൂബ് പുറത്തെടുക്കാമെന്ന് യുവതിയെ അറിയിക്കുകയും ചെയ്തു. സംഭവം രഹസ്യമാക്കിവയ്ക്കണമെന്ന് ഡോക്റ്റർ ആവശ്യപ്പെട്ടതായും യുവതി വെളിപ്പെടുത്തി.

പിന്നീട് രാജീവ്‌ കുമാറിൻറെ നിർദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. രക്തക്കുഴലുമായി ട്യൂബ് ഒട്ടിച്ചേർന്നെന്ന് സിടി സ്കാനിൽ വ്യക്തമായി.ഇതോടെ രാജീവ്‌ കുമാർ കയ്യൊഴിഞ്ഞെന്നും യുവതി ആരോപിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *