Timely news thodupuzha

logo

ഇടുക്കി എംപിക്ക്‌ മോഹഭംഗം: സലിംകുമാർ

ഇടുക്കി: മലയോര കർഷകരുടെ ദീർഘകാല സ്വപ്നം സഫലമാക്കി ഭൂനിയമ ഭേദ​ഗതി ചട്ടങ്ങൾക്ക്‌ മന്ത്രിസഭ അംഗീകാരം നൽകിയതിന്റെ ഇച്ഛാഭംഗമാണ് ഇടുക്കി എംപിക്കും കൂട്ടർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ സലിംകുമാർ പറഞ്ഞു. ചട്ടം പുറത്തു വരില്ലെന്ന് കൊണ്ടുപിടിച്ച് പ്രചാരണം നടത്തിയ ഡീൻ കുര്യാക്കോസ് ഇപ്പോൾ കണ്ണീരൊഴുക്കുന്നത് ‘വരാൻ പോകുന്ന വൻ പണപ്പിരിവിന്റെ’ പേരിൽ.
ഒരു കർഷകനെയും വലയ്ക്കാത്ത രീതിയിലായിരുക്കും ക്രമവൽക്കരണമെന്ന് റവന്യൂ മന്ത്രി കെ രാജൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ ഇടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ പരത്താൻ പറ്റുമോയെന്നാണ് എം പി നോക്കുന്നത്.

1964 ലെ ചട്ടങ്ങൾ പ്രകാരമുള്ളതാണ് ജില്ലയിലെ പട്ടയങ്ങളിലേറെയും. ഈ ചട്ടമനുസരിച്ച്, പട്ടയം ലഭിക്കുന്ന ഭൂമി കൃഷിക്കും വീടു വെയ്ക്കുന്നതിനും മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളു. എങ്കിലും, ജില്ലയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും പലരും നിർമ്മിച്ചു. ഇക്കാര്യം ആദ്യം കോടതിയുടെ മുന്നിലെത്തിച്ചത് ജില്ലയിലെ ഒരു കോൺഗ്രസ് നേതാവിന്റെ ഇടപെടലാണ്. ചില കപട പരിസ്ഥിതി സംഘടനകളും ഒപ്പംകൂടിയതോടെ ജില്ലയുടെ വളർച്ചയെ തന്നെ ബാധിക്കുന്ന തരത്തിൽ നിർമ്മാണ നിരോധനത്തിന് കോടതി ഉത്തരവ്. ജില്ലയിലെ വികസന പ്രവർത്തനങ്ങളെല്ലാം അതോടെ നിലച്ചു.

പ്രശ്നം പരിഹരിക്കാൻ
ജില്ലയിലെ എൽഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി ഇടപെട്ടു. മുഖ്യമന്ത്രിയുമായി പലവട്ടം ചർച്ച നടത്തി. അതെല്ലാം ഫലം കണ്ടു. ഭൂ നിയമ ഭേദ​ഗതി 2023 നിയമസഭ പാസാക്കിയത് ഐക്യകണ്ഠേന. മലയോര കർഷകരെ പേടിച്ച് നിയമസഭയിൽ ബില്ലിനെ യുഡിഎഫ്
അനുകൂലിച്ചു. എന്നാൽ പുറത്തെത്തിയപ്പോൾ ഭാവം മാറി.
നിയമം പാസ്സാകാതിരിക്കാൻ അതിനു മുന്നിൽ അടയിരിരുന്ന ​ഗവർണർക്ക് അവർ പൂർണ്ണ പിന്തുണയും നൽകി.നിയമസഭ ഏകകണ്ഡമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ജില്ലാ ഹർത്താലും നടത്തി.
ജനോപകാര പ്രദമായ ബില്ലുകൾ ഗവർണർ തടഞ്ഞു വെച്ചിരിക്കുന്നതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ പോയി. കോടതി ഇടപെട്ടതോടെ ​ഗവർണർ ഒപ്പിടാൻ നിർബന്ധിതനായി. ഒടുവിൽ, സർക്കാരിന്റെയും റവന്യൂ മന്ത്രി കെ രാജന്റെയും ഇച്ഛാശക്തിയിൽ പ്രതിബന്ധങ്ങൾ ഒന്നൊന്നായി നീങ്ങുകയായിരുന്നു.
ഭൂ നിയമ ഭേദ​ഗതിയുടെ ചട്ടങ്ങൾകൂടി നിലവിൽ വരുന്നതോടെ മുഴുവൻ ഭൂ പ്രശ്നങ്ങളും ശാശ്വതമായി പരിഹരിക്കപ്പെടും. ജില്ലയിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് നിർമ്മിച്ചിരിക്കുന്ന മുഴുവൻ കെട്ടിടങ്ങളും നിയമാനുസൃതമായി ക്രമവൽക്കരിക്കാൻ സാധിക്കും. വാണിജ്യപരമായ ആവശ്യങ്ങൾക്ക് കെട്ടിടം നിർമ്മിക്കാം എന്ന സ്ഥിതി വരുന്നത് ജില്ലയുടെ വികസനത്തിന് ​ഗതിവേ​ഗം പകരും. ജില്ലയിലെ സാധാരണകാരായ ജനങ്ങൾക്ക്‌ കൃഷിയോടൊപ്പം കടമുറികളും ഹോം സ്റ്റേകളും ഫാമുകളും ഒക്കെ നിർമിച്ച് ഉപജീവനം നടത്താവുന്ന അവസ്ഥ വരും
ഇതെല്ലാമാണ് എംപിയെയും കൂട്ടരേയും അസ്വസ്ഥമാക്കുന്നത്.
ജില്ലയിലെ കർഷകരെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും പാലം വലിച്ച ചരിത്രമാണ് എംപി ക്കുള്ളത്. കൊടും വരൾച്ചയിൽ ഏലം കർഷകർ നട്ടം തിരിഞ്ഞപ്പോൾ അവർക്കായി ഒരു വാക്കുപോലും ഉരിയാടാതെ സ്‌പൈസസ് ബോർഡ് അംഗത്വം രാജിവച്ച് കുത്തകകളോട് കൂറുകാട്ടി.
വന്യജീവി ആക്രമണം ജില്ലയിലെ കർഷകരുടെ പൊറുതിമുട്ടിക്കുമ്പോൾ, അതിനിടയാക്കുന്ന കേന്ദ്ര നിയമത്തെപ്പറ്റി പാർലമെന്റിൽ ഒരക്ഷരം ശബ്ദിക്കില്ല. ഇവിടെ എത്തിയാലോ, ആനയുടെ കൊമ്പിൽ ജീവൻ നഷ്ടപ്പെട്ടയാളുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് പിടിച്ചു വാങ്ങി തെരുവിൽ രോഷപ്രകടനം നടത്തും. ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം നിലപാടുകൾ വിലപ്പോവില്ലെന്നും സലിംകുമാർ പ്രസ്താവനയിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *