തൃശൂർ: യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ വി.എസിനെ അകാരണമായി പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും പരിക്കേല്പിക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരം ലഭിച്ചു. 2023 ഏപ്രിൽ മാസം അഞ്ചാം തിയ്യതി ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും തുടർന്ന് സ്റ്റേഷനിൽ വെച്ച് എസ്.ഐ നുഹ്മാൻ, സി പി ഒ മാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോഭദ്രവം ഏല്പിക്കുകയും ചെയ്യുകയായിരുന്നു.

മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പോലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ FIR ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാൻ ആയിരുന്നു പോലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന് കോടതിയുടെ നിർദ്ദേശമനുസരണം വൈദ്യ പരിശോധനയിൽ പോലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് സുജിത്ത് പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പോലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയാറായില്ല. മാത്രമല്ല സുജിത്തിനെ മർദിച്ചവരായ പോലീസ്‌ക്കാർ ജില്ലയിൽ ക്രമസമാധാന ചുമതലയിൽ വിലസുകയാണ്..
ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുന്നംകുളം പോലീസ്‌ക്കാർക്കെതിരെ ക്രൂര മർദ്ദനമേല്പിച്ചതിനെതിരെ അസാധാരണാം വിധം നേരിട്ട് കേസെടുത്തു.. തന്നെ മർദിച്ചതിന്റെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി പോലീസിൽ അന്നേ ദിവസത്തെ സി.സി.റ്റി.വി ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയിരുന്നു, എന്നാൽ പോലീസ് പല കാരണങ്ങൾ പറഞ്ഞു ദൃശ്യം നൽകുന്നത് തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. തുടർന്ന് സുജിത്ത് വിവരാവകാശ പ്രകാരം സി.സി.റ്റി.വി ദൃശ്യം ആവശ്യപ്പെട്ടു. അപ്പോഴും പോലീസ് നിസ്സഹകരണമായാണ് പെരുമാറിയത്. തുടർന്ന് സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ സംസ്ഥാനത്ത് ആദ്യമായി തന്നെ ഒരു പോലീസ് സ്റ്റേറ്റിനിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ നൽകാനുള്ള അസാധാരണമായ ഉത്തരവിട്ടു. തുടർന്നും പോലീസിന്റെ അലംഭാവത്തെ തുടർന്ന് വിവരാവകാശ കമ്മീഷൻ പോലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ട് സുജിത്ത് ആവശ്യപ്പെട്ട സി.സി.റ്റി.വി ദൃശ്യങ്ങൾ നൽകുവാൻ കർശന നിർദേശം നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സുജിത്തിന് തന്നെ പോലീസ് സ്റ്റേഷനിലെ പല സ്ഥലങ്ങളിൽ വെച്ച് എസ്.ഐ ഉൾപ്പടെ പോലീസുക്കാർ മർദിച്ചു അവശനാക്കുന്നതിന്റെ സി.സി.റ്റി.വി ദൃശ്യങ്ങൾ ലഭ്യമായത്. നിലവിൽ കോടതി ഈ പോലീസ്സുകാർക്കെതിരെ നേരിട്ടെടുത്ത കേസിൽ വിചാരണ നടന്നു വരികയാണ്.





