ചെറുതോണി: കേരളത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാനിരുന്ന 6 ചെറുകിട ജലവൈദ്യുത പദ്ധതികൾ കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വനാനുമതി ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചു.

തിരുവനന്തപുരം എനർജി മാനേജ്‌മെന്റ്റ് സെന്ററിൽ പ്രവർത്തിക്കുന്ന സ്മോൾ ഹൈഡ്രോ പ്രമോഷൻസെൽ വഴി ബിൽഡ്-ഓൺ-ഓപ്പറേറ്റ് -ട്രാൻസ്ഫർ(ബി.ഒ.ഒ.ടി) അടിസ്ഥാനത്തിൽ നടപ്പി ലാക്കുന്ന പദ്ധതികളാണ് പ്രാരംഭഘട്ടത്തിൽത്തന്നെ അടച്ചുപൂട്ടുന്നത്.

കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലെ പദ്ധതികളാണ് ഉപേക്ഷിച്ചത്. ഇടുക്കിയിലെ തൂവൽ(ഒരു മെഗാവാട്ട്), തോണിയാർ(2.6 മെഗാവാട്ട്), അവർകുട്ടി(10 മെഗാവാട്ട്), കോട്ടയത്തെ ആനക്കൽ (2 മെഗാവാട്ട്), തൃശൂരിലെ കണ്ണൻകുഴി(7.5 മെഗാവാട്ട്), കണ്ണൂരിലെ കാഞ്ഞിരക്കൊല്ലി പദ്ധതികളാണ് കേന്ദ്രസർക്കാരിൻ്റെ വനാനുമതി ലഭിക്കാതെ റദ്ദാക്കപ്പെട്ടത്.

24 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ബിഒഒടി വ്യവസ്‌ഥ യിൽ വിവിധ ജില്ലകളിലായി പ്രഖ്യാപിച്ചത്. ഇതിൽ 7 എണ്ണം മാത്രമാണു കമ്മിഷൻ ചെയ്തത്. 6 എണ്ണം പൂർണമായി ഉപേക്ഷിച്ചപ്പോൾ, 11 പദ്ധതികൾ വനാനുമതി കാത്തിരിക്കുകയാണ്.


വനാനുമതി വൈകിയാൽ ഈ പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നേക്കും. പദ്ധതിയുടെ സാങ്കേതിക – സാമ്പത്തിക – പ്രായോഗികതാ റിപ്പോർട്ടുകൾക്ക് അനുമതി ലഭിച്ച് 36 മാസത്തിനുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യണമെന്നാണു വ്യവസ്ഥ. എന്നാൽ ഈ 11 പദ്ധതികളും സമയപരിധി കഴിഞ്ഞിട്ടും കമ്മിഷൻ ചെയ്യാനായിട്ടില്ല. അനുമതി നിഷേധിച്ച 6 ചെറുകിട ജലവൈദ്യുത പദ്ധതികളിലെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വന മന്ത്രാലയത്തോട് എൻ.എസ്.എസ്.യു(എം) സംസ്ഥാന പ്രസിഡൻ്റ് ടോമി തീവള്ളി ആവശ്യപ്പെട്ടു.





