ഇടുക്കി: സര്‍ക്കാരിന്റെ അതിദാരിദ്ര വിമുക്ത സംസ്ഥാന പ്രഖ്യാപനത്തിനെതിരെ വിവിധ ആശങ്കകളും രൂക്ഷ വിമര്‍ശനവുമാണ് ആദിവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി മുമ്പോട്ട് വയ്ക്കുന്നത്. ആദിവാസി കുടുംബങ്ങളില്‍ ഭൂരിപക്ഷം പേരും എ എ വൈ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്നും ഇപ്പോഴത്തെ പ്രഖ്യാപനത്തിലൂടെ ഇത്തരക്കാരുടെ റേഷന്‍വിഹിതം വെട്ടിക്കുറക്കുന്ന സ്ഥിതിയുണ്ടാകുമെന്നുമുള്ള ആശങ്ക ആദിവാസി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മുമ്പോട്ട് വയ്ക്കുന്നു.ആശ്രയ പാലിയേറ്റീവ് സൗജന്യ ചികിത്സ,വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, അമ്മമാര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പ്രത്യേക പരിരക്ഷകള്‍, എന്‍ എച്ച് എം പോലുള്ള പദ്ധതികള്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭവന നിര്‍മ്മാണ പദ്ധതികള്‍ ഇവയെല്ലാം വെട്ടിക്കുറക്കപ്പെടുമോയെന്ന ആശങ്കയും ആദിവാസി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മുമ്പോട്ട് വയ്ക്കുന്നു.
അതിദരിദ്രരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താതെ പൊള്ളയായ പ്രഖ്യാപനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും ആദിവാസി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിക്കുന്നു.കേരളത്തില്‍ 5 ലക്ഷത്തിലധികം അതിദരിദ്രര്‍ ഉണ്ടെന്നിരിക്കെ പ്രത്യേക പദ്ധതികളോ പാക്കേജുകളോ നടപ്പാകാതെ എങ്ങനെയാണ് ഇവരെ അതിദാരിദ്രത്തില്‍ നിന്നും മുക്തരാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
അതിദാരിദ്രര്‍ ഇല്ലെന്ന കണ്ടെത്തിയ സര്‍ക്കാരിന്റെ വിവര ശേഖരണം പുറത്തുവിടണം.ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രഖ്യാപനം പട്ടികജാതി, പട്ടിക വര്‍ഗ്ഗക്കാരുടെ സമഗ്രവികസന പദ്ധതികള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്.അങ്ങനെ സംഭവിച്ചാല്‍ ആദിവാസി കോണ്‍ഗ്രസ് വലിയ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും സംഘടനാ ജില്ലാ പ്രസിഡന്റ് കെ എന്‍ മണി, സുകുമാരന്‍ കുന്നുംപുറത്ത്, സുബി കുന്തളായില്‍, കെ പി പ്രദീപ് എന്നിവര്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.





