തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിന് വീണ്ടും നോട്ടീസ്. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്. പത്മകുമാറിൻറെ മുൻ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്.
രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാർ അത് ചെയ്യിരുന്നില്ല. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാർ അന്വേഷണസംഘത്തോട് സാവകാശം തേടി. ഇതോടെ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത് വൈകുമെന്നാണ് സൂചന.

അതേസമയം ശബരിമല കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറെ എൻ.വാസുവിനെ റിമാൻഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാൻഡ് ചെയ്തത്. വാസുവിനെ പത്തനംതിട്ടയിൽ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡി അപേക്ഷ പിന്നീട് സമർപ്പിക്കും. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്.





