Timely news thodupuzha

logo

ഉമ്മൻ ചാണ്ടിയുടെ ചികിത്സയിലെ സർക്കാർ ഇടപെടൽ, പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്ന് അഡ്വ.കെ.അനിൽകുമാർ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും എം.എൽ.എയുമായിരുന്ന ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സമിതി അംഗം അഡ്വ.കെ.അനിൽകുമാർ.

ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ കേരള സർക്കാരിനു പ്രത്യേക ഇടപെടൽ നടത്തേണ്ടിവന്ന സാഹചര്യം ഒരുക്കിയതിന്റെ ഉത്തരവാദിത്തം വി.ഡി.സതീശൻ കൂടി പങ്കിടേണ്ടതല്ലേയെന്ന് അദ്ദേഹം ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു. പുണ്യവാള രാഷ്‌ട്രീയം സതീശന്റെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബി.ജെ.പിക്ക് സഹായകരമാണെന്ന വസ്‌തുത മറക്കരുതെന്നും അദ്ദേഹം കുറിച്ചു.

ഫെയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വി.ഡി.സതീശന്റെ പുണ്യവാള രാഷ്‌ട്രീയത്തിനു മറുപടിയില്ലേ? ബഹു: പ്രതിപക്ഷ നേതാവേ, അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. ആദരണീയനായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് ശേഷം താങ്കൾ അദ്ദേഹത്തോടുള്ള മുൻ നിലപാട് മാറ്റുന്നതായി കണ്ടു.

ഉമ്മൻ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാൻ മത നേതൃത്വത്തോട് എറണാകുളത്തെ അനുശോചന യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്ന് അങ്ങേയ്ക്കും അറിയുമല്ലോ. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കേസിന്റെ വിധിയിൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കേരള ഹൈക്കോടതിയുടെ ഒരു വിധി നിലവിലുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോട് ഒരു മാധ്യമം പ്രതികരണമാവശ്യപ്പെട്ടപ്പോൾ നിങ്ങൾ പള്ളിയിലേക്ക് വരൂ, അവിടെ മറ്റു ചാനലുകൾ എത്തിയിട്ടുണ്ട്, ഒരുമിച്ച് പ്രതികരിക്കാമെന്ന് ചാണ്ടി ഉമ്മൻ മറുപടി പറയുന്നത് കണ്ടു. ആരാധനാലയത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കാൻ ചാണ്ടി ഉമ്മൻ ഒരു മാധ്യമത്തെ പള്ളിയിലേക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

താങ്കളുടെ പുണ്യവാള രാഷ്ട്രീയത്തിന്റെ വഴിയിൽ സ്ഥാനാർത്ഥി സഞ്ചരിച്ചത് അദ്ദേഹത്തിനു തെരഞ്ഞെടുപ്പിൽ അയോഗ്യത നൽകിക്കഴിഞ്ഞു. അതിനാൽ രണ്ടാമതും ഒരു കത്തു കൂടി അയക്കുന്നു. താങ്കൾക്ക് ഉമ്മൻ ചാണ്ടിയോടുള്ള സ്‌നേഹം ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്.

ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിനു പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ. അതിന്റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ.

പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബി.ജെ.പിക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാൽ വീണ്ടും പറയെട്ടെ. പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *