പാറമക്കും കല്ലും തള്ളി വഴിയടച്ചതായി പരാതി; സ്കൂൾ വിട്ടുവന്ന കുട്ടികൾ വീട്ടിൽ പ്രവേശിക്കാനാവാതെ വിഷമിച്ചെന്നും ഗൃഹനാഥൻ
തൊടുപുഴ: അയൽവാസിയുടെ നേതൃത്വത്തിൽ നാല് പെൺകുട്ടികളടക്കം താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയടച്ച് ഒരു ലോഡ് പാറമക്കും കല്ലും തള്ളിയതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെവെങ്ങല്ലൂർ ഷാപ്പുംപടിയിൽ വേങ്ങത്താനത്താണ് സംഭവം. നിലവിൽ അവധിയിലുള്ള സിവിൽ പൊലീസ് ഓഫീസർ തുണ്ടുവിളപുത്തൻവീട്ടിൽ വിനോദിന്റെ വീട്ടിലേക്കുള്ള വഴിയിലാണ് ഒരു ടിപ്പർ നിറയെ പാറക്കല്ലും പൊടിയും തള്ളിയത്. ഇതിന് നേതൃത്വം നൽകിയ ബിജു സ്കറിയ, ടിപ്പറിന്റെ ഡ്രൈവർ, സഹായി എന്നിവർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. വിനോദും അയൽവാസിയായ സ്ത്രീയും തമ്മിൽ വഴിയെ ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഏഴ് വർഷമായി ഇവിടെ താമസിക്കുന്ന തനിക്ക് വീട്ടിലേക്കുള്ള വഴിയ്ക്ക് അവകാശമുണ്ടെന്ന് സ്ഥലത്തിന്റെ ആധാരത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് വിനോദ് പറയുന്നു. എന്നാൽ ഇത് അയൽവാസി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഒരാഴ്ച മുമ്പ് വിനോദും കുടുംബവും സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് ഇവരുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ അനധികൃതമായി ഗേറ്റ് സ്ഥാപിച്ചു. ഇതിനെതിരെ വിനോദ് ആർ.ഡി.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടു വന്ന് വഴി കെട്ടിയടയ്ക്കാൻ ശ്രമിച്ചു. എന്നാൽ വഴിക്ക് അവകാശമുണ്ടെന്ന് ആധാരത്തിൽ രേഖപ്പെടുത്തിയത് കാണിച്ചു കൊടുത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങിയതായി വിനോദ് പറയുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വിനോദിന്റെ വീട്ടിലേക്കുള്ള വഴിയടച്ച് ടിപ്പറിൽ പാറക്കല്ലും പാറമണ്ണും തള്ളിയത്. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന വിനോദ് ഓടിയെത്തിയപ്പോഴേക്കും ടിപ്പർ ലോഡ് തള്ളിയ ശേഷം വിട്ടുപോയിരുന്നു. സ്കൂൾ വിട്ടുവന്ന തന്റെ കുട്ടികൾക്കടക്കം വീട്ടിലേക്ക് കടക്കാനായില്ലെന്ന് വിനോദ് പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ ആർ.ഡി.ഒയുടെ നിർദ്ദേശ പ്രകാരം പൊലീസിന്റെ നേതൃത്വത്തിലാണ് ജെ.സി.ബി ഉപയോഗിച്ച് പാറക്കല്ലും മണ്ണും നീക്കിയത്.