Timely news thodupuzha

പീരുമേട് ഗോത്ര വർഗ്ഗ വിഭാ​ഗത്തിലെ സീതയുടെ മരണം; വനംവകുപ്പിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി ആദിവാസി ഏകോപന സമിതി

തൊടുപുഴ: പീരുമേട് പ്ലാക്കത്തടം ഊരിലെ ഗോത്ര വർഗ്ഗ വിഭാ​ഗത്തിലെ വീട്ടമ്മ സീതയുടെ മരണം സംഭവിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും ആനയുടെ ആക്രമണമാണോ കൊലപാതകം ആണോ എന്ന് വ്യക്തത വരുത്താതെ നീട്ടിക്കൊണ്ടു പോകുന്നതിൽ വനംവകുപ്പിന്റെ രഹസ്യ അജണ്ടയുണ്ടെന്ന് സംശയിക്കുന്നതായി ആദിവാസി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ​ഉത്തരവാദിത്തപ്പെട്ട ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ, മേൽ സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറാകാതെ കാട്ടാനയുടെ സാന്നിധ്യം ഇല്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടും, ഫോറൻസിക് റിപ്പോർട്ടും, പോലീസ് വകുപ്പിന്റെ നിഗമനങ്ങളും അന്വേഷണവും വരുന്നതിനു മുമ്പേ ഇതൊരു കൊലപാതകമാണെന്ന് പ്രഖ്യാപനം നടത്തിയത് ഗുരുതരമായ കുറ്റമാണ്.

പൊതുസമൂഹത്തിൽ, സീതയുടെ ഭർത്താവ് ബിനുവും, പ്രായപൂർത്തി ആകാത്ത കുട്ടി അടക്കം മൂന്ന് ഗോത്രവർഗ്ഗക്കാർ കൊലപാതകികൾ ആയി മുദ്രകുത്തപ്പെട്ടു. 12 വയസ്സുള്ള ആൺകുട്ടിയുടെ പഠനം വരെ നിലച്ച മട്ടാണ്. കുട്ടിക്ക് സ്കൂ‌ളിൽ പോകാൻ പോലും കഴിയുന്നില്ല. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മാത്രമല്ല, കുറ്റക്കാരായ മന്ത്രി രാജിവയ്ക്കുകയും, കോട്ടയം ഡിവിഷൻ ഫോറസ്റ്റ് ഓഫീസറെസർവീസിൽ നിന്ന് പിരിച്ചുവിടുകയും, കള്ളക്കഥകൾ ചമയ്ക്കാൻ കൂട്ടുനിന്നവരെയും ഈ ഗൂഢാലോചനയിൽ പങ്കുചേർന്ന മുഴുവൻ വ്യക്തികളെയും സ്ഥാപനത്തെയും തക്കതായ ശിക്ഷാനടപടികൾക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.

ഗോത്ര വർ​ഗ്​ഗ വിഭാ​ഗങ്ങളുടെ വിഷയത്തിൽ സർക്കാരിൻ്റെ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആദിവാസി ഏകോപന സമിതി ജനറൽ സെക്രട്ടറി പി.എ മോഹനൻ, ട്രഷറർ എം.ഐ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി ശ്രീജിത്ത് ഒ.എസ്, സംസ്ഥാന കമ്മിറ്റി എക്സിക്ക്യൂട്ടീവ് അം​ഗം കെ.എസ് ഷാജി എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *