ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിനെയും സ്ഥാനാർത്ഥി അനീറ്റ് ജോഷിയെയും ജിബിൻ ജോർജിനെയും വഴിയിൽ തടഞ്ഞു വച്ച് ആക്രമിച്ച എൽ.ഡി.എഫിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യമുന്നണി കഞ്ഞിക്കുഴിയിൽ വലിയ വിജയത്തിലേക്ക് കുതിച്ചു നീങ്ങുമ്പോൾ അതിൽ വിറളി പിടിച്ച ഇടതുപക്ഷം ആക്രമണങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരെ ആക്രമിക്കുന്ന നടപടികളുമായിട്ടാണ് എൽഡിഎഫിന്റെ നേതൃത്വം മുന്നോട്ടു നീങ്ങുന്നത്. അതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് പ്രസിഡൻ്റിനെയും സ്ഥാനാർത്ഥിയെയും കൂടെയുള്ള ആളുകളെയും ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചുരുളി പതാലിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ രാജേഷ് എന്ന ആദിവാസി യുവാവിനെ തലക്കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. അതിൽ ഉണ്ടായിരുന്ന പ്രതികൾതന്നെയാണ് ഈ അക്രമണവും നടത്തിയത്. ജനപ്രതിനിധികളെ പോലും ആക്രമിക്കുന്ന തരത്തിൽ ഗുണ്ടായിസം നടത്തുന്ന പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റിനെയും സ്ഥാനാർത്ഥിയെയും ആക്രമിച്ച കേസ്; എൽ.ഡി.എഫിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി






