തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ വ്യാഴാഴ്ചയും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്ക് കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ ആരോപിച്ചു. പ്രതിപക്ഷം ഉയർത്തിയ ബാനർ കഴിഞ്ഞ ദിവസം സഭയിൽ വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുമാറ്റുകയും അത് വാങ്ങാനാണ് എംഎൽഎമാർ ഡയസിൽ കയറിയതെന്നും സതീശൻ വിശദീകരിച്ചു. എന്നാൽ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു ബാരിക്കേഡ് മറിച്ച് കടക്കുന്നത് പോലെയാണ് പല എംഎൽഎമാരും ഡയസിൽ കയറിയത്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. സ്പീക്കറെ തെരുവിലിട്ട് അലക്കുന്നരീതി ശരിയല്ല. സ്പീക്കർ ഈ സഭയിലേക്ക് എയർ ഡ്രോപ് ചെയ്യപ്പെട്ട് വന്നതല്ല. വളരെ കൃത്യമായ ദീർഘകാല അനുഭവം തനിക്കുണ്ട്.
ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതൃത്വം പരസ്യമായി സ്പീക്കറെ തെരുവിലിട്ടലക്കുന്നത് ശരിയാണോ എന്നത് നേതൃത്വം പരിശോധിക്കണം. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡന്മാരിൽനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനർ കൊണ്ട് വാച്ച് ആൻഡ് വാർഡന്മാരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു. ചെയർ കള്ളം പറയുന്നു എന്നാണ് ചില പ്രതിപക്ഷ എംഎൽഎമാർ പറയുന്നത്. ഡയസിലുണ്ടായ സംഭവത്തിൽ തൻറെ വായിൽ കയ്യിട്ട് ആളെ പേര് പറയിക്കരുത്. പ്രതിപക്ഷം ഉന്നയിക്കുന്ന സ്വർണക്കൊള്ളയിൽ ചർച്ചക്ക് തയ്യാർ ആണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം ചർച്ചക്ക് തയ്യാറാകുന്നില്ല. ഇത് ഖേദകരമാണ്. ചർച്ചയും, സംവാദവുമാണ് ഇവിടെ ആവശ്യമെന്നും സ്പീക്കർ പറഞ്ഞു.സത്യം മുഖത്ത് വന്നടിക്കുമ്പോൾ അതിന് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അവർ കണ്ണടച്ചാൽ അവർക്ക് മാത്രമാണ് ഇരുട്ടാകുന്നതെന്നും ലോകത്തിനാകെ ഇരുട്ടാകില്ലെന്നും പ്രതിപക്ഷവും പ്രതിപക്ഷ നേതാവും മനസിലാക്കണമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി. ശ്രീനിവാസൻറെ സിനിമയായ വടക്കുനോക്കിയന്ത്രത്തിലെ മാമുക്കോയയുടെ ‘ഇമ്മാതിരി സമയത്തല്ല ഇതുപോലെയുള്ള വർത്തമാനം പറയേണ്ടത്’ എന്ന ഡയലോഗ് പരാമർശിച്ച് എം ബി രാജേഷ് പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു.
സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങൾ സ്വർണക്കൊള്ള വിഷയം ഉയർത്തി യുഡിഎഫിനെതിരെ പ്ലക്ക് കാർഡുകളുമായി പുറത്തെത്തി. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളടങ്ങിയ പ്ലക്ക് കാർഡുകളാണ് ഭരണപക്ഷ എംഎൽഎമാർ ഉയർത്തിയത്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് പേടിയാണെന്ന് ഇവർ ആരോപിച്ചു.





