Timely news thodupuzha

ദുഃഖ ശനിയാഴ്ച്ചയുടെ നിശബ്ദത; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ദുഃഖവെള്ളിയുടെ മുറിവുകൾ നെഞ്ചിലേറ്റി, ദൈനംദിന ജീവിതത്തിന്റെ ആലസ്യത്തിൽ മുഴുകി, ക്ലേശപൂർണ്ണമായ തിരക്കിൽ, ചിലപ്പോൾ വേദനയിൽ പോലും ആകൃഷ്ടരായി, ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷത്തെ മുന്നിൽ കണ്ടുകൊണ്ട് മനുഷ്യൻ ഏറ്റവും അധികം മറക്കുന്ന ഒരു ദിവസമുണ്ട് – ദുഃഖശനിയാഴ്ച. മരണത്തിനും പുനരുത്ഥാനത്തിനും ഇടയിൽ, ഇരുട്ടിനും വെളിച്ചത്തിനും മദ്ധ്യേ, ഒരു ശ്വാസം പോലെ തൂങ്ങിനിൽക്കുന്ന ഈ ദിവസം ഒന്നും സംഭവിക്കാത്ത, എന്നാൽ എല്ലാം ഒളിഞ്ഞിരിക്കുന്ന ഒരു ദിവസമാണ്. മരണത്തിനും പുനരുത്ഥാനത്തിനും ഇടയിൽ നിൽക്കുന്ന ഈ ദിവസത്തെക്കുറിച്ച്, ക്രിസ്തീയ കലണ്ടറിൽ ഏറ്റവും കുറച്ച് മാത്രമേ സംസാരിക്കപ്പെടുന്നുളളു. എല്ലാം സംഭവിക്കുന്ന, എല്ലാം അർത്ഥമാകുന്നതിന് മുമ്പുള്ള ഏറ്റവും നിശ്ശബ്ദവും ആഴമുള്ളതുമായ ദിവസം, അല്ലെങ്കിൽ നിമിഷങ്ങളാണിത്.

വിശ്വാസികളും ദൈവശാസ്ത്രജ്ഞന്മാരും ഏറ്റവും കുറച്ച് സംസാരിക്കുകയും ചിന്തിക്കുകയും പലപ്പോഴും ഉത്തരങ്ങൾ തേടാതിരിക്കുകയും ചെയ്യുന്ന ഈ ദിവസം ഉത്തരങ്ങളുടെ അഭാവം തന്നെയാണ് പ്രസംഗിക്കുന്നത്. ഒന്നും സംഭവിക്കാത്ത ഒരു ദിവസം അല്ലെങ്കിൽ നിമിഷം എന്ന വിശേഷണത്തിൻ്റെ വെളിച്ചത്തിൽ നോക്കുമ്പോൾ, ഈ ദിവസം അഭാവത്തിൻ്റെ ദിവസമല്ല, മറിച്ച് എല്ലാ ഉത്തരങ്ങളുടെയും പൂർണ്ണ സാന്നിധ്യത്തിന്റെയും രൂപമാണ്. ജീവിതത്തിൽ അർത്ഥം ഉണ്ടാകുന്നത് ചിന്തയിലൂടെയോ, പ്രവർത്തനത്തിലൂടെയോ, വിശദീകരണത്തിലൂടെയോ മാത്രമല്ല; നിശ്ശബ്ദതയിലൂടെയും കാത്തിരിപ്പിലൂടെയും സ്വീകാര്യതയിലൂടെയുമാണ്. വിശുദ്ധ ശനിയാഴ്ചയിൽ പരിശ്രമമില്ല, തീരുമാനം ഇല്ല, വ്യാഖ്യാനം ഇല്ല. ഈ അഭാവങ്ങൾ തന്നെ ഒരു ആഹ്വാനമായി മാറുന്നു: ഇവിടെ നിൽക്കുക. രക്ഷയുടെ കഥയിൽ ഏറ്റവും സുന്ദരമായ ഒന്നാണ് ഒന്നും ചെയ്യാനില്ലാത്ത ഈ ദിവസം. ഈ ദിവസം മനുഷ്യനെ അവന്റെ ഏറ്റവും ശുദ്ധമായ അസ്തിത്വത്തിലേക്ക്, കേവലം ആയിരിക്കുന്നതിൻ്റെ നിശ്ശബ്ദ ആഴത്തിലേക്ക് ക്ഷണിക്കുന്നു.

ശവകുടീരം ഒരു അവസാനം അല്ല, ശൂന്യതയുടെ നിശ്ശബ്ദമായ പാഠശാലയാണ്. എല്ലാ സാധ്യതകളും ഒളിഞ്ഞിരിക്കുന്ന തുറന്ന വിസ്തൃതിയാണത്. അവിടെ പരിശ്രമമില്ല, തെളിയിക്കലില്ല, വ്യാഖ്യാനമില്ല. ആ ദേഹം ഒന്നും ചെയ്യുന്നില്ല, ചെയ്യേണ്ടതുമില്ല. ഒന്നും പറയുന്നില്ല, പറയേണ്ടതുമില്ല. ഒന്നും നേടുന്നില്ല, നേടേണ്ടതുമില്ല.

ആ പൂർണ്ണമായ നിഷ്ക്രിയത്വം ശൂന്യമായ ഒരു അഭാവമല്ല; അത് ആത്മാവ് സ്വയം വിശാലതയെ കണ്ടുമുട്ടുന്ന ഒരു നിമിഷമാണ്. പ്രവർത്തനങ്ങളില്ലാത്ത ആ ഇടവേളയിൽ ഒരു ആഴമേറിയ സ്വാതന്ത്ര്യം നിശ്ശബ്ദമായി വിരിയുന്നു. ഓരോ വിരാമവും അവസാനത്തിന്റെ സൂചനയല്ല, മറിച്ച് മഹത്തായ അവബോധം അങ്കുരിക്കുവാൻ തയ്യാറെടുക്കുന്ന ഒരു അകത്തളമാണ്. ശൂന്യത ദാരിദ്ര്യമല്ല, അത് ഒന്നുമില്ലായ്മയല്ല, എല്ലാം ആയിത്തീരുവാൻ കഴിയുന്ന അനന്തമായ സാധ്യതകൾ ഉള്ളിൽ ശാന്തമായി നിറഞ്ഞ തുറന്ന അപാരതതയാണ്. ആ നിശ്ശബ്ദതയിലാണ് അർത്ഥങ്ങൾ ജനിക്കുന്നത്; ചലനങ്ങൾക്ക് മുൻപുള്ള ആ ശ്വാസവിരാമത്തിലാണ് മനുഷ്യൻ തന്നെ തന്നെ സ്വയം കണ്ടുമുട്ടുന്നത്. മണ്ണിൽ മൂടപ്പെട്ട വിത്തുപോലെ, പുറമേ നിന്ന് നോക്കുന്നവർക്ക് അത് ഒരന്ത്യം, എന്നാൽ ഉള്ളിൽ നിന്ന് നോക്കുന്നവർക്ക് അത് ആരംഭം. അതുകൊണ്ടുതന്നെ, അവിടെ സ്വയം വിട്ടുകൊടുക്കലിന്റെ, സ്വീകാര്യതയുടെ പരമാവധി സാന്ദ്രത ഉണ്ട്.

ദുഃഖശനിയാഴ്ച വിശുദ്ധ ശനിയാഴ്ചയാണ്. ഹൃസ്വമായ ഒരു ഇടവേള. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ ശുദ്ധമായ ഒരിടം. ഈ ഇടത്തിൽ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല; ഇവിടെ ചെയ്യാനുള്ളത് ഒന്നു മാത്രം, ഈ നിശ്ശബ്ദതയിൽ ആയിരിക്കുക. കാരണം, ഇത് പ്രതീക്ഷയും നിരാശയും ഒരേസമയം മൗനം പാലിക്കുന്ന നിമിഷമാണ്. ഭൂതവും ഭാവിയും പരസ്പരം വേർതിരിയുവാനൊരുങ്ങി നിൽക്കുന്ന നിമിഷം. നമ്മിലെ അവബോധം വിശ്രമിക്കുന്ന നിമിഷം. യാഥാർഥ്യം അതിന്റെ സംശുദ്ധമായ മുഖത്തോടെ നമ്മെ നോക്കുന്ന നിമിഷം.

നമ്മുടെ ജീവിതത്തിലും ഇങ്ങനെ ചില ശനിയാഴ്ചകൾ വരും. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ രാത്രികൾ. ഉണങ്ങാത്ത മുറിവുകളുടെ നീണ്ട ദിനങ്ങൾ. ഒടുങ്ങാത്ത കാത്തിരിപ്പിന്റെ ഋതുക്കൾ. ദൈവം മൗനിയായിരിക്കുന്നു എന്നു തോന്നുന്ന നിമിഷങ്ങൾ. പ്രാർഥന മേഘങ്ങൾക്കപ്പുറം പോകുന്നില്ല എന്നു തോന്നുന്ന നേരങ്ങൾ. ഈ ശനിയാഴ്ചകളിൽ നാം തിരയുന്നത് പരിഹാരമോ, വ്യാഖ്യാനമോ അല്ല, മറിച്ച്, ആ ശൂന്യതയിൽ താഴ്ന്നിരിക്കുവാനുള്ള ധൈര്യമാണ്. ഒഴുക്കിനെ തടയാതെ, ഇരുട്ടിനെ ഭയക്കാതെ, ഉത്തരത്തിനായി തിരക്കുകൂട്ടാതെ, വെറുതെ ഇരിക്കുവാനുളള സന്നദ്ധത. ഒരു ലക്ഷ്യവുമില്ലാതെ, ഒരു നേട്ടവും കൂടാതെ, ഒരു ന്യായീകരണവും ഇല്ലാതെ, ഉള്ളിൽ സ്വയം ഉണ്ടായിരിക്കുക. ദുഃഖശനിയാഴ്ചയിലെ ശവകുടീരം അതു തന്നെ ചെയ്യുന്നു. അതൊരു പരാജയമല്ല, അത് ഏറ്റവും ആഴമേറിയ ആത്മസമർപ്പണമാണ്. ശവകുടീരത്തിലെ നിശ്ശബ്ദത നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: സ്വയം വിട്ടുകൊടുക്കൽ ദൗർബല്യമല്ല. സമ്പൂർണ്ണ കീഴടങ്ങൽ പരാജയമല്ല. അതിരുകളില്ലാത്ത സ്വീകാര്യത, അതാണ് ഏറ്റവും ആഴമേറിയ ആത്മീയത. ഒന്നും ചെയ്യാതിരിക്കുക, ഒന്നും തെളിയിക്കാതിരിക്കുക, ഒന്നും പിടിച്ചുവയ്ക്കാതിരിക്കുക, ആ ഒഴിഞ്ഞ ഇടത്തിലേക്കാണ് പുതിയ ജീവൻ കടന്നുവരുന്നത്.

ഉയിർത്തെഴുന്നേൽപ്പ് ഞായറാഴ്ച പുലർച്ചെ ആരംഭിച്ചതല്ല. അത് ശനിയാഴ്ചയുടെ ആ ആഴമേറിയ നിശ്ശബ്ദതയിൽ, ആ പൂർണ്ണമായ കീഴടങ്ങലിൽ, സ്വീകാര്യതയിൽ, ഇരുട്ടിന്റെ ഉള്ളറയിൽ, ആരും കാണാതെ, എത്രയോ സമയം മുൻപ് തന്നെ അത് ആരംഭിച്ചിരുന്നു!

Leave a Comment

Your email address will not be published. Required fields are marked *