തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ജീവനക്കാരുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി നടത്തിയ ശക്തമായ ഇടപെടലിന് ഫലം. വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര തപാൽ വകുപ്പ് ഉത്തരവിറക്കി. ഇതോടെ, പോസ്റ്റൽ ബാലറ്റ് നിർബന്ധമാക്കി കേരള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ പുറപ്പെടുവിച്ച വിവാദ ഉത്തരവ് അപ്രസക്തമായി.
കേരളത്തിലെ പോസ്റ്റൽ ജീവനക്കാർ നിർബന്ധമായും ഫോം 12D വഴി പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കണമെന്ന ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് എം.പി കത്തയച്ചിരുന്നു. വോട്ടവകാശം വിനിയോഗിക്കാൻ അവധി നൽകണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ 135B സെക്ഷൻ ഉയർത്തിക്കാട്ടിയാണ് എം.പി പോരാടിയത്.
എം.പി.യുടെയും എഫ്.എൻ.പി.ഒയുടെയും ഇടപെടലിനെത്തുടർന്ന്, 2026 ഏപ്രിൽ 8-ന് കേന്ദ്ര തപാൽ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ (No. Y-21/1/2026-PE-II), വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി (Paid Holiday) നൽകണമെന്ന് കർശനമായി നിർദ്ദേശിച്ചു. കേരളം ഉൾപ്പെടെയുള്ള സർക്കിളുകൾക്ക് ഈ നിർദ്ദേശം ബാധകമാണ്. പേഴ്സണൽ മന്ത്രാലയം (DoPT) ഏപ്രിൽ 6-ന് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം കൃത്യമായി പാലിക്കണമെന്ന് തപാൽ വകുപ്പ് നിർദ്ദേശിച്ചു. ഇതനുസരിച്ച് ഏപ്രിൽ 9-ന് കേരളത്തിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും പോസ്റ്റൽ ബാലറ്റ് എന്നത് ഒരു സൗകര്യം മാത്രമാണെന്നും അത് നിർബന്ധമാക്കുന്നത് വോട്ടവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നുമുള്ള എം.പി.യുടെ വാദം കേന്ദ്രം അംഗീകരിച്ചു. വോട്ടെടുപ്പ് ദിവസം പ്രത്യേക കാഷ്വൽ ലീവ് (Special Casual Leave) അനുവദിക്കാനും നിർദ്ദേശമുണ്ട്. ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡീൻ കുര്യാക്കോസ് എം.പി പ്രതികരിച്ചു.






