ഇടുക്കി: ആകെ 1264 വോട്ടർമാരാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്. ഇതിൽ 675 പേർ പുരുഷന്മാരും 589 പേർ സ്ത്രീകളുമാണ്. ഇടമലക്കുടി ട്രൈബൽ സ്കൂൾ, പരപ്പയാർകുടി ഇ.ഡി.സി സെന്റർ, മുളകുതറകുടി കമ്മ്യൂണിറ്റി ഹാൾ എന്നിങ്ങനെ മൂന്ന് ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗിൽ തുടക്കം മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.
ദുർഘടമായ ഭൂപ്രകൃതിയും നെറ്റ്‌വർക്ക് പരിമിതികളും വെല്ലുവിളിയാണെങ്കിലും ആധുനിക സംവിധാനങ്ങളുമായാണ് ഭരണകൂടം ഇതിനെ നേരിടുന്നത്. ആദ്യമായി വയർലെസ് സെറ്റുകൾ വഴി പോളിംഗ് ശതമാനം തത്സമയം അപ്ഡേറ്റ് ചെയ്യുന്ന രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ വെബ്കാസ്റ്റിംഗും സി.സി.ടി.വി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ജോലിക്ക് സ്വയം സന്നദ്ധരായ ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിട്ടുള്ളത്. വനമേഖലയായതിനാൽ വനം വകുപ്പിന്റെയും പോലീസിന്റെയും കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെടുപ്പ് നടപടികൾ പൂർത്തിയാകുന്നത്.






