രാജാക്കാട്: മതികെട്ടാൻ ചോലയിൽ നിന്നും 100 വർഷമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാൻ്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ 2,3 വാർഡുകളായ തോണ്ടിമല,പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ച് തോട്ടം നനയ്ക്കുന്നതത്രേ.
കുടിവെള്ള സ്രോതസിൽ നിന്നും പൈപ്പ് വഴിയാണ് എച്ച് എം എൽ തൊഴിലാളി ലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്.എന്നാൽ കഴിഞ്ഞ 6 വർഷം മുൻപ് തോട്ടം വാങ്ങിയ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കുടുംബക്കാരാണ് തൊഴിലാളികളുടെ കുടിവെള്ളം തടസപ്പെടുത്തി പൈപ്പിൽ വിള്ളലുണ്ടാക്കി വെള്ളം തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്നത്. തൊഴിലാളികൾക്ക് കുടിവെള്ളം നൽകാൻ ബാധ്യതയുള്ള കമ്പനി ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് ദേവികുളം ആർഡിഒ ക്ക് പരാതി നൽകി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സ്വാഭാവിക നീരൊഴുക്കിൽ നിന്ന് കുടിവെള്ളം ലഭിക്കാൻ സൗകര്യമുള്ളപ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമായ എസ്റ്റേറ്റ് ലയങ്ങളിൽ പണം നൽകി പുറത്ത്
നിന്ന് ടാങ്കറുകളിൽ വെള്ളമെത്തിക്കാനാണത്രേ പഞ്ചായത്ത് പ്രസിഡൻ്റ് നിർദ്ദേശിച്ചത്. തൊഴിലാളികളുടെ കുടിവെള്ളം മുട്ടിച്ച് തോട്ടം നനയ്ക്കുന്നതിനെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടമറ്റം, വൈസ് പ്രസിഡൻ്റ് സുരേഷ് ആശാരിപറമ്പിൽ,ജില്ലാ കമ്മിറ്റി അംഗം എസ് വനരാജ്,വാർഡ് മെമ്പർ എ. വേൽമുരുകൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.അതെ സമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ ദിലീപ് അറിയിച്ചു.അവരുടെ പട്ടയ ഭൂമിയിലുള്ള നീരുറവയിൽ നിന്നാണ് അവർ കൃഷി ആവശ്യത്തിന് വെള്ളമെടുക്കുന്നതെന്നും ആരോപണം ഉയർന്നു.
എച്ച് എൻ എൽ കമ്പനിയുടെ കുടിവെള്ള സ്‌ത്രോതസിൽ വെള്ളമില്ലാത്തതിനാൽ തങ്ങളുടെ പുരയിടത്തിൽ നിന്നുമാണ് അവർ വെള്ളം കൊണ്ടുപോയിരുന്നതെന്നും കാലങ്ങളായി പൈപ്പ് മെയിൻ്റനൻസ് കമ്പനി നടത്താറില്ലായിരുന്നെന്നും. മുൻ വർഷം കുടിവെള്ളം ലഭിക്കാത്തത് സംബന്ധിച്ച് കമ്പനി അധികൃതർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയപ്പോൾ രാവിലെ 7 മുതൽ 2 വരെ തങ്ങൾക്കും 2 മുതൽ രാവിലെ 7 വരെ കമ്പനിയുടെ ആവശ്യത്തിനും വെള്ളമെടുക്കാനാണ് തീരുമാനമറിയിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.





