തൊടുപുഴ: സന്ധികളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിലെ ചികിത്സാ മുന്നേറ്റങ്ങളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്ത സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ തൊടുപുഴയിൽ സമാപിച്ചു. “കൃത്യത, പ്രായോഗികത, പുരോഗതി” എന്ന പ്രമേയത്തെ ആസ്പദമാക്കി ആയിരുന്നു സമ്മേളനം.

ആലുവ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. റുമാറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്, ഇന്ത്യൻ റുമാറ്റോളജി അസോസിയേഷൻ ദേശീയ പ്രസിഡന്റ്-ഇലക്ട് ഡോ. വിനോദ് രവീന്ദ്രൻ, ഐ.എം.എ പ്രതിനിധി ഡോ. തോമസ് അബ്രഹാം (ഇടുക്കി ജില്ലാ ഐ.എം.എ ചെയർമാൻ) എന്നിവർ സംസാരിച്ചു.
റുമാറ്റോളജി രംഗത്ത് നിന്നുള്ള നവീന ചികിത്സാരീതിയായ CAR-T സെൽ തെറാപ്പി ഉൾപ്പെടെ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി. സോറിയാറ്റിക് ആർത്രൈറ്റിസ് ചികിത്സയിലെ പുതിയ സമീപനങ്ങളും, സന്ധിവീക്കത്തോടൊപ്പം ശ്വാസകോശത്തെ ബാധിക്കുന്ന ഇന്റർസ്റ്റീഷ്യൽ ലംഗ് ഡിസീസ് (ILD) നേരത്തെ തിരിച്ചറിയുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനുമുള്ള രീതികളും വിദഗ്ധർ അവതരിപ്പിച്ചു. ക്ലിനിക്കൽ സാഹചര്യങ്ങളെ ആസ്പദമാക്കിയുള്ള സംവാദങ്ങൾ ഏറെ ശ്രദ്ധേയമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റുമാറ്റോളജിസ്റ്റുകൾ, ഫിസിഷ്യൻമാർ, ഓർത്തോപീഡിക് വിദഗ്ധർ തുടങ്ങി മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നൂറ്റി അമ്പതിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി റുമാറ്റോളജി രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വാക്കത്തോൺ സംഘടിപ്പിച്ചു.
സമ്മേളനം വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും സംഘാടക സമിതി സെക്രട്ടറി ഡോ. ഡാന്റിസ് ഇമ്മാനുവേൽ നന്ദി അറിയിച്ചു.





