ഇടുക്കി: നീലക്കുറിഞ്ഞിയുടെ നീല വസന്തം കാണാൻ മൂന്നാറിലേക്ക് മല കയറുന്നവർക്ക് കാന്തല്ലൂരിലെത്തി ആപ്പിളും കഴിച്ചു മടങ്ങാം. കേരളത്തിന്റെ സ്വന്തം ‘ആപ്പിൾ ഗ്രാമമാ’യ കാന്തല്ലൂർ , പഴുത്തു തുടുത്ത ആപ്പിളുകൾ മരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയ്ക്കൊപ്പം , തോട്ടത്തിൽ നിന്ന് നേരിട്ട് പറിച്ചു കഴിക്കാനുള്ള അവസരവുമാണ് സഞ്ചാരികൾക്കായി ഒരുക്കിയൊരിയ്ക്കുന്നത്.സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തിൽ ആപ്പിൾ കൃഷി ചെയ്യുന്ന ഏക സ്ഥലമായ കാന്തല്ലൂരിൽ ഇപ്പോൾ വിളവെടുപ്പ് കാലമാണ്.

മറയൂർ മലനിരകൾ പിന്നിട്ട് കാന്തല്ലൂരിലേയ്ക് എത്തുമ്പോഴുള്ള തണുത്ത കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണുമാണ് ഇ ആപ്പിൾ കൃഷിക്ക് അനുയോജ്യമായത്. 15 വർഷം മുമ്പ് ആരംഭിച്ച പരീക്ഷണങ്ങളാണ് ഇന്ന് കാന്തല്ലൂരിനെ ദക്ഷിണേന്ത്യയിലെ അപൂർവ്വ ഫാം ടൂറിസം കേന്ദ്രമാക്കി മാറ്റിയത്.അധികം മഞ്ഞുവീഴ്ച ആവശ്യമില്ലാത്ത എച്ച്.ആർ.എം.എൻ 90 (HRMN 90), ട്രോപിക്കൽ ബ്യൂട്ടി, ട്രോപിക്കൽ റെഡ് ഡിലീഷ്യസ് എന്നീ മികച്ച ട്രോപ്പിക്കൽ ഇനങ്ങളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. രാസവളങ്ങളോ വിഷകീടനാശിനികളോ ഉപയോഗിക്കാതെ പൂർണ്ണമായും ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ രുചിയിലും ഗുണനിലവാരത്തിലും ഇവിടുത്തെ ആപ്പിളുകൾ വിപണിയിലെ മറ്റ് ആപ്പിളുകളേക്കാൾ ബഹുദൂരം മുന്നിലാണ്. ഒരു മരത്തിൽ നിന്ന് ശരാശരി 30 കിലോയോളം ആപ്പിൾ ലഭിക്കുന്നു. സെപ്റ്റംബർ പകുതിയോടെയോ ഈ വർഷത്തെ വിളവെടുപ്പ് പൂർണ്ണമായും അവസാനിക്കും. കേരളത്തിലെ മറ്റ് കാർഷിക ഗ്രാമങ്ങൾക്ക് അവകാശപ്പെടാനില്ലാത്ത ഫാം ടൂറിസം അനുഭവമാണ് കാന്തല്ലൂർ സമ്മാനിക്കുന്നത്. ആപ്പിളിന് പുറമേ ഓറഞ്ച്, പ്ലംസ്, പാഷൻ ഫ്രൂട്ട്, സബർജല്ലി (പിയർ), സ്ട്രോബെറി തുടങ്ങിയ അപൂർവ്വ ഫലവൃക്ഷങ്ങളും ഇവിടുത്തെ കൃഷിയിടങ്ങളെ സമ്പന്നമാക്കുന്നു.


പ്രതികൂല കാലാവസ്ഥയും മഴയിലെ വ്യതിയാനങ്ങളും ഇത്തവണ കൃഷിയെ ഭാഗികമായി ബാധിച്ചിരുന്നെങ്കിലും ആപ്പിളുകളുടെ രുചിയിലോ മധുരത്തിലോ യാതൊരു കുറവുമില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് കാർഷിക വിശേഷങ്ങൾ തേടിയും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടേക്ക് എത്തിച്ചേരുന്നത്. ഈ ഓണാവധിക്കാലത്ത് കുടുംബസമേതം വേറിട്ടൊരു യാത്രാനുഭവം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയെയും കാന്തല്ലൂരിലെ ഈ ചുവപ്പണിഞ്ഞ ആപ്പിൾ തോട്ടങ്ങൾ തീർച്ചയായും വിസ്മയിപ്പിക്കും.







