തിരുവനന്തപുരം: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം വരെ നഷ്ടമാകും. ഈ ഗുരുതരമായ പ്രതിസന്ധി മറികടക്കാൻ സിപിഎമ്മിൽ തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറഞ്ഞിരുന്നില്ല. അതിനെതിരേ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
ചെങ്ങന്നൂർ എംഎൽഎയും സിപിഎം നേതാവുമായിരുന്ന കെ. രാമചന്ദ്രൻ നായരുടെ സ്വകാര്യ കടങ്ങൾ എഴുതിത്തള്ളാൻ തുക അനുവദിച്ചത്, ഇടതു നേതാവ് ആയിരുന്ന ഉഴവൂർ വിജയന്റെ സ്വകാര്യ കടങ്ങൾ വീട്ടാൻ പണം അനുവദിച്ചത്, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സെക്യൂരിറ്റി ഉദ്യഗസ്ഥൻ അപകടത്തിൽ പെട്ടപ്പോൾ കുടുംബത്തിന് സഹായം അനുവദിച്ചത് എന്നീ പരാതികളാണ് പിണറായി വിജയനെതിരേ ഉയർന്നത്. സ്വന്തക്കാരെ സഹായിക്കാൻ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മറികടന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തു എന്നതാണ് പിണറായി വിജയനെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണം. വിചാരണ വേളയിൽ ഈ നടപടികളെ ലോകായുക്ത അടക്കം വിമർശിച്ചിരുന്നു.