തിരുവനന്തപുരം: “എല്ലാവർക്കും ഇൻറർനെറ്റെന്ന’ സ്വപ്നം യാഥാർഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇൻറനെറ്റ് സൗകര്യം കെ- ഫോൺ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലവിൽ 18,000ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ- ഫോൺ മുഖേന ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കി. 7,000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. കെ- ഫോൺ ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്കെതിരെയുള്ള ഇടതു സർക്കാരിൻറെ ജനകീയ ബദലാണ്. വൈദ്യുതി, ഐടി വകുപ്പുകൾ വഴിയാണ് എൽഡിഎഫ് സർക്കാർ കെ- ഫോൺ പദ്ധതി വിഭാവനം ചെയ്യുന്നത്.
കെ- ഫോണിന് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകാനാവശ്യമായ കാറ്റഗറി ലൈസൻസും, ഔദ്യോഗികമായി ഇൻറർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമായിരുന്നു.
കെ ഫോൺ കേരളത്തിൻറെ സ്വന്തം ഇൻറർനെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവുമാക്കാനും ഇ- ഗവേണൻസ് സാർവത്രികമാക്കാനും പദ്ധതി സഹായകമാകും- മുഖ്യമന്ത്രി പറഞ്ഞു.