Timely news thodupuzha

logo

കെ – ഫോണിന്റെ സേവനം മലപ്പുറത്ത് ലഭ്യമാകും; പെരിന്തൽമണ്ണയിലാണ്‌ ആദ്യ കണക്ഷൻ നൽകി, 140 വീടുകളിൽ കണക്ഷൻ ലഭ്യമാക്കി

മഞ്ചേരി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ – ഫോണിന്റെ സേവനം ജില്ലയിൽ ലഭ്യമാവുന്നു. ദാരിദ്ര്യരേഖക്കുതാഴെയുള്ള 140 വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കി. പെരിന്തൽമണ്ണയിലാണ്‌ ആദ്യ കണക്ഷൻ നൽകിയത്. മണ്ഡലം അടിസ്ഥാനത്തിൽ ജൂൺ 13നുള്ളിൽ 1600 കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റർനെറ്റ് എത്തും. ഒരുമാസത്തിനകം ബാക്കിയുള്ള സ്ഥലത്തും പ്രവർത്തനം തുടങ്ങും.

സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങി 1797 സർക്കാർ ഓഫീസുകളെയും ഇതിനകം കെ ഫോൺ കണക്‌ട് ചെയ്‌തു. മലയോരപ്രദേശങ്ങളിലും ആദിവാസി കോളനികളിലും കെ ഫോണെത്തും. ഈ പ്രദേശങ്ങളിൽ ജോലികൾ അന്തിമഘട്ടത്തിലാണ്.

മുണ്ടുപറമ്പിലെ കെഎസ്ഇബി 110 കെവി സബ് സ്റ്റേഷനാണ് പ്രധാന കൺട്രോളിങ് കേന്ദ്രം (കോർ പോപ്). ഇവിടെനിന്നാണ് മറ്റ് സബ് സ്റ്റേഷനുകളിലേക്ക് കണക്ഷൻ നൽകിയത്. ഒപിജിഡബ്ല്യു കേബിളുകൾവഴി ജില്ലകളെ തമ്മിലും ബന്ധിപ്പിച്ചു. ട്രാൻസ്മിഷൻ ടവറിലേക്കുള്ള 275 കിലോമീറ്ററിൽ 269 കിലോമീറ്റർ സ്ഥാപിച്ചു. സർക്കാർ ഓഫീസുകൾ ഉൾപ്പെടെ 675 സ്ഥാപനങ്ങളിലാണ് ഒമ്പത് “യു’ റാക്കുകൾ സജീകരിച്ചത്. നെറ്റ് വർക്ക് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള മോഡം, യുപിഎസ് തുടങ്ങിയവയാണ് ഈ റാക്കിൽ ഉൾപ്പെടുന്നത്.

പ്രാദേശികതലത്തിൽ ഇന്റർനെറ്റ് സേവനദാതാക്കളുടെ സഹായത്തോടെയാണ് ബിപിഎൽ കുടുംബങ്ങളിലേക്ക് കണക്ഷൻ എത്തിക്കുക. ഇതിനായി കെഎസ്ഇബിയുടെ വൈദ്യുതി തൂണുകളിലൂടെയും ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുമായി 1000 കിലോമീറ്റർ കേബിൾ സ്ഥാപിച്ചു. ഒന്നര ജിബി ഡാറ്റ സൗജന്യം ദിവസം ഒന്നര ജിബി ഡേറ്റ ഓരോ കുടുംബത്തിനും സൗജന്യമായി ഉപയോഗിക്കാം. സെക്കൻഡിൽ 10 എംബിമുതൽ ഒരു ജിബിവരെയാണ് വേഗം.

തദ്ദേശ സ്ഥാപനങ്ങളാണ് സൗജന്യ കണക്ഷൻ നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. ദാരിദ്ര്യരേഖക്കുതാഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തും. വീടുകളുടെ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 100 പേർക്കുവീതമാണ് വീടുകളിൽ കണക്ഷൻ നൽകുന്നത്.

കലക്ടറേറ്റിൽ ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക്തലത്തിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇതിനുശേഷം വിഇഒമാർവഴി ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത്. ഈ പട്ടിക ഗ്രാമസഭകൾ അംഗീകരിച്ചു. 10 ശതമാനം വീടുകൾ പട്ടികജാതി– വർഗം വിഭാഗത്തിൽപ്പെട്ടവരാണ്.

Leave a Comment

Your email address will not be published. Required fields are marked *