തൃശൂർ: കൊലക്കേസ് പ്രതിയായ ആമ്പല്ലൂർ സ്വദേശി ആറ് കിലോ കഞ്ചാവുമായി ചാലക്കുടിയിൽ വച്ച് പൊലീസ് പിടിയിലായി. ഒപ്പം ആസം സ്വദേശിയായ മുനീറുൾ ഇസ്ലാമും ഉണ്ടായിരുന്നു. എന്നാൽ, അയാൾ ഓടി രക്ഷപ്പെട്ടു. തയ്യിൽ വീട്ടിൽ അനൂപാണ് പ്രതി.
രാവിലെ 11മണിക്കായിരുന്നു സംഭവം. കഞ്ചാവ് പിടികൂടിയത് പടിഞ്ഞാറെ ചാലക്കുടിയിൽ അമ്പലനടയിൽ മുനീറുൾ ഇസ്ലാം താമസിക്കുന്ന സ്ഥലത്തു നിന്നാണ്. ഏകദേശം 6ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ചാലക്കുടി പൊലിസ് എസ്. ഐ. ഷാജു എടത്താടനും സംഘവും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളാണ് പ്രതി അനൂപെന്ന് പൊലിസ് പറഞ്ഞു.

കുറ്റകൃത്യത്തെ കുറിച്ച് തൃശൂർ റൂറൽ പൊലിസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡി.വൈ.എസ്.പി സി.ആർ സന്തോഷിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തിൻരെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്ഥലത്തെത്തി ലഹരി ഉത്പ്പന്നം പിടികൂടി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഓടി രക്ഷപ്പെട്ട ആസം സ്വദേശിക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. എസ്.ഐമാരായ ഷാജു എടത്തടൻ, കെ.റ്റി ബെന്നി, സി.വി ഡേവിസ്, എൻ.എസ് റെജി, സിവിൽ പൊലിസ് ഓഫിസർമാരായ എം.എക്സ് ഷിജു, പി.ആർ രജീഷ്, റ്റി.റ്റി ലജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.